കൽപ്പറ്റ: സുഗന്ധഗിരി ട്രൈബൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സുഗന്ധഗിരി കാപ്പി വിപണിയിലെത്തിക്കുന്നു. സുഗന്ധഗിരി കോഫി ഷോപ്പ് കൽപ്പറ്റ സൂര്യ കോംപ്ലക്സിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം ആണ് സുഗന്ധഗിരി കാപ്പി വിപണിയിലെത്തിക്കുന്നത്.

1100 ഹെക്ടർ വിസ്തൃതിയുള്ള സുഗന്ധഗിരിയിൽ ആദിവാസി സമൂഹം തൊണ്ണൂറ് ശതമാനം പ്രദേശത്തും കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്യുന്നുണ്ട്. ഇവിടെ വളരുന്ന റോബസ്റ്റാ കാപ്പി ഗുണനിലവാരത്തോടെ 200 ലധികം ആദിവാസി കുടുംബങ്ങളെ സഹായിക്കുന്നതിനായി ഉത്പാദനം മുതൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം വരെ ഫലപ്രദമായ സംയോജനമാണ് സ്വാമിനാഥൻ ഗവേഷണനിലയം ലക്ഷ്യമിടുന്നത്.
കോഫി പ്രോസസ്സിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്‌റോസ്ന സ്റ്റെഫി നിർവഹിച്ചു. സുഗന്ധഗിരി കോഫീഷോപ്പിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് അംഗം എൻ.സി.പ്രസാദ്, നബാർഡ് എ.ജി.എം ജിഷയ്ക്ക് നൽകി പ്രകാശനം ചെയ്തു.

സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ. വി.ഷക്കീല, സീനിയർ ഡയറക്ടർ എൻ.അനിൽകുമാർ, ഷിജിൽ (എച്ച്.ഡി.എഫ്.സി ബാങ്ക്) തുടങ്ങിയവർ സംസാരിച്ചു.