കൽപ്പറ്റ: പൊതു, സ്വകാര്യ ബസുകൾ വാതിലുകൾ അടയ്ക്കാതെയും വാതിലുകളുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെയും സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലാ പൊലീസ്‌ മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാഫിക് ആൻഡ് റോഡ്‌ സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജി സംസ്ഥാന മനുഷ്യാവാകാശ കമ്മീഷനെ അറിയിച്ചു.

വൈത്തിരി ബസ്‌സ്റ്റാന്റിൽ വാതിൽ അടയ്ക്കാതിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.ജി റിപ്പോർട്ട് സമർപ്പിച്ചത്.

ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകൾ സാങ്കേതിക പിഴവില്ലാതെ പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ സംസ്ഥാന പൊലീസ്‌ മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
വൈത്തിരിയിൽ വള്ളി എന്ന സ്ത്രീ ബസ്സിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ്സിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഐ.ജി അറിയിച്ചു.
സ്‌കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊലീസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന പൊലീസ്‌ മേധാവി എല്ലാ ജില്ലാ പൊലീസ്‌ മേധാവികൾക്കും സർക്കുലർ മുഖേന കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കൂൾ ബസ് ഡ്രൈവർക്ക് പത്തോ അതിലധികമോ വർഷം പ്രവൃത്തി പരിചയം നിർബന്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.


കമ്മീഷൻ സിറ്റിംഗ് ഇന്ന്

കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇന്ന് രാവിലെ പത്തരയ്ക്ക് കൽപ്പറ്റ കളക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.