കൽപ്പറ്റ: നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത പദ്ധതിയും, തലശേരി-മൈസൂർ പദ്ധതിയും കേരളാ റെയിൽ ഡവലപ്പ്‌മെന്റ് കോർപറേഷൻ ഏറ്റെടുത്ത് നടത്തിവരികയാണെന്ന് നിയമസഭയിൽ സർക്കാർ അറിയിച്ചു. ടി.സിദ്ദിഖിന്റെ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ സാധ്യതാ റിപ്പോർട്ടും നിർദ്ദിഷ്ട അലൈന്റ്‌മെന്റും റെയിൽവെ ബോർഡിന്റേയും കർണാടക സർക്കാരിന്റെയും പരിഗണനയിലാണ്. ഇപ്പോഴുള്ള പ്ലാൻ പ്രകാരം ഈ രണ്ട് ലൈനുകളും കൽപ്പറ്റയിൽ വെച്ച് യോജിക്കുന്നതും അതിന് ശേഷം ഒറ്റലൈനായി നാഗർഹോള,ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ കൂടി ഒരു ഭൂഗർഭ തുരങ്കം വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതുമാണ്. പരിസ്ഥിതി ലോല മേഖലയിൽ ലൈനിന്റെ ആഘാതം കുറയ്ക്കാൻ വേണ്ടിയാണ് ഈ രീതി പ്രയോജപ്പെടുത്തിയത്. അന്തർ സംസ്ഥാന പാതയായതിനാലും, വനത്തിലൂടെ കടന്നുപോകുന്ന റെയിൽവെ പദ്ധതിയെന്ന നിലയ്ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് സ്റ്റാന്റിംഗ് കമ്മിറ്റി, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി, പി.സി.സി.എഫ് എന്നിവയുടെ അനുമതി ആവശ്യമാണ്.
കർണാടകയിൽ നിന്ന് പ്രാഥമിക സർവെ, വിശദമായ സർവെ എന്നിവയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെറെയിലും കർണാടക സർക്കാരുമായി സെപ്തംബർ 27ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കർണാടക ഭാഗത്ത് നിന്നുള്ള സർവെ നടപടികൾക്കായും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതി നൽകുന്നത് പരിഗണിക്കാമെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രൊപ്പോസൽ കർണാടക സർക്കാരിന് സമർപ്പിച്ചതായും മറുപടിയിൽ സർക്കാർ വ്യക്തമാക്കി.
നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത തടസ്സങ്ങൾ നീക്കി പ്രാവർത്തികമാക്കണമെന്നായിരുന്നു സിദ്ദിഖ് സബ്മിഷൻ ഉന്നയിച്ചത്. റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും അനുമതി റെയിൽപാത നിർമ്മാണത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ഇപ്പോഴും പാതിവഴിയിലാണ്. കേന്ദ്രവുമായും കർണാടക സർക്കാരുമായും ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.