2

കോഴിക്കോട്: ഡോ.സഖറിയ മാർ തെയോഫിലോസിന്റെ സ്‌മരണയിൽ ആരംഭിച്ച സ്‌മാർട്ട് ഫൗണ്ടേഷന്റെ സ്‌നേഹസാന്ദ്രം അവാർഡ് ഗായിക എലിസബത്ത് എസ്.മാത്യുവിന് മേയർ ഡോ.ബീന ഫിലിപ്പ് സമ്മാനിച്ചു.

ടൂറെ​റ്റ് സിൻഡ്രം എന്ന അപൂർവരോഗത്തെ സംഗീതത്തിലൂടെ അതിജീവിക്കുകയായിരുന്നു എലിസബത്ത്. ചാലപ്പുറം സി​റ്റി സർവിസ് കോ - ഓപ്പറേ​റ്റിവ് ബാങ്ക് ഹാളിൽ ഒരുക്കിയ ചടങ്ങിൽ ഡോ.ബീന ഉമ്മൻ അദ്ധ്യക്ഷയായിരുന്നു. എം.വി.ആർ കാൻസർ സെന്റർ, കാലിക്ക​റ്റ് സി​റ്റി കോ ഓപ്പറേ​റ്റിവ് ബാങ്കിന്റെ മാസ്‌ കെയർ പദ്ധതി എന്നിവയുമായി സഹകരിച്ചുള്ള സ്മാർട്ട് ഫൗണ്ടേഷൻ കാൻ ഷെയർ പദ്ധതിയിൽ 35 പേർക്കുള്ള അംഗത്വ വിതരണം ടി.സിദ്ദിഖ് എം.എൽ.എ നിർവഹിച്ചു. മാസ് കെയർ സർട്ടിഫിക്ക​റ്റ് സി​റ്റി സർവിസ് ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.

ഫൗണ്ടേഷന്റെ 2020 - 21 വർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം ഡോ.പി.എം.സുരേഷ് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ) നിർവഹിച്ചു. ബാങ്ക് ജനറൽ മാനേജർ സജു ജെയിംസ്, എ.കെ.ബേബി, കെ.ആർ.സുജ, പി.എ.ജിബി എന്നിവർ സംസാരിച്ചു.