img20211021

മുക്കം: മേൽനോട്ടമെന്നല്ല, നോട്ടം തന്നെ ഇല്ലാതായാൽ പിന്നെ ഇങ്ങനെയല്ലേ വരൂ. മുക്കം കടവിലെ എസ്.കെ.പൊറ്റക്കാട് സ‌്‌മൃതികേന്ദ്രത്തെ മറവിയിലേക്ക് തള്ളിയത് വിഖ്യാത എഴുത്തുകാരന്റെ ഓർമ്മകളെ പോലും അവഹേളിക്കുന്ന തരത്തിലായിപ്പോയി!. പരിസരമാകെ കാടുമൂടിയ നിലയിൽ, ആരും തിരിഞ്ഞുനോക്കാനില്ലാത്തെ അവസ്ഥയിലാണ് മന്ദിരം!!.

എസ്.കെ യുടെ 'നാടൻപ്രേമം" എന്ന പ്രഥമ നോവലിലൂടെ മുക്കം പുറംനാട്ടുകാർക്ക് ഏറെ പരിചിതമായി മാറുകയായിരുന്നു. അദ്ദേഹത്തിന് ഈ നാടിന്റെ അർഹമായ സ്‌മരണാഞ്ജലി അനിവാര്യമെന്ന നല്ല ചിന്തയിൽ നിന്നാണ് സ്‌മൃതികേന്ദ്രം ഉയർന്നത്. കാരശ്ശേരി പഞ്ചായത്ത് 2004 - 2005 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌മാരകം നിർമ്മിക്കുകയായിരുന്നു.

'നാടൻപ്രേമ"ത്തിന്റെ പശ്ചാത്തലത്തലമായി മാറിയ, ഇരുവഞ്ഞി പുഴയും ചെറുപുഴയും സംഗമിക്കുന്ന മുക്കം കടവിൽ തന്നെയാണ് സ്മൃതികേന്ദ്രം നിർമ്മിച്ചത്. ടൂറിസം സാദ്ധ്യത കൂടി പരിഗണിച്ചായിരുന്നു ഇത്. പത്ര - പുസ്തകവായനയ്ക്കും ചെറുയോഗങ്ങൾക്കും മറ്റും ഉതകുന്ന ഇടമാവണമെന്ന സങ്കല്പത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി ഈ സ്ഥലം നിർണയിച്ചതും കെട്ടിടം പണിതതും.

ഉദ്ഘാടനം ഗംഭീരമായിരുന്നു. ഡോ.സുകുമാർ അഴീക്കോടാണ് 2005 ആഗസ്റ്റ് 12 ന് സ്‌മൃതികേന്ദ്രം നാടിനായി സമർപ്പിച്ചത്. തുടക്കത്തിൽ രണ്ടു വർഷത്തേക്ക് ഇതിന്റെ മേൽനോട്ട ചുമതല സാംസ്കാരിക കൂട്ടായ്മയായ "മാനവം മുക്ക"ത്തെ ഏല്പിച്ചതായിരുന്നു. നിശ്ചിത കാലാവധി പിന്നിട്ടതോടെ 'മാനവം" പഞ്ചായത്തിനു തന്നെ ഈ കേന്ദ്രം തിരികെ കൈമാറി. അതിൽ പിന്നെ പഞ്ചായത്തുകാരോ മററാരെങ്കിലുമേ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയ ലക്ഷണമില്ല.

കാലവർഷമാവുമ്പോൾ വെള്ളം കയറിയെന്നിരിക്കും. ആൾപെരുമാറ്റം തീരെയില്ലാത്ത സാഹചര്യത്തിൽ നടവഴി പോലും കാടുമൂടിയ നിലയിലായി. കെട്ടിടവും ജീർണിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മന്ദിരത്തിന്റെ കാര്യത്തിൽ പഞ്ചായത്തിന് ഒട്ടും വേവലാതിയില്ലേ എന്ന ചോദ്യമാണ് സാംസ്ഡകാരിക പ്രവർത്തകരുടേത്.