മുക്കം: പ്രകൃതി ദുരന്ത സാധ്യത ഏറിയ മലയോര മേഖലയായ താമരശേരി താലൂക്കിൽ മഴ മാപിനിയില്ലാത്തത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു. ജില്ലയിൽ കോഴിക്കോട് ബീച്ച്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലും കക്കയത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനിയുമാണ് ഉള്ളത്.
മലയോര മേഖലയായ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിൽ മഴയുടെ അളവറിയാൻ യാതൊരു സംവിധാനവുമില്ല. അതിതീവ്ര മഴയും ന്യൂനമർദ്ദങ്ങളെ തുടർന്നുള്ള മഴയും അടിക്കടിയുണ്ടാകുന്ന സാഹചര്യത്തിൽ അപകട സാദ്ധ്യത ഏറിയ താമരശേരി താലൂക്കിൽ മഴ മാപിനി സ്ഥാപിക്കണമെന്നാണ് ആവശ്യം. മഴവെള്ളപ്പാച്ചിൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ള കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. താമരശേരി താലൂക്കിലെ വനത്തോട് ചേർന്ന വൃഷ്ടി പ്രദേശങ്ങളായ തിരുവമ്പാടിയിലോ കോടഞ്ചേരിയിലോ മഴമാപിനി സ്ഥാപിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ആനക്കാംപൊയിലും തുഷാരഗിരിയും പരിഗണിക്കാവുന്നതാണ്. ഇവിടെ പെയ്യുന്ന മഴയാണ് ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും മലവെള്ളപ്പാച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നത്. അങ്ങാടികളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടാനും ഇടയാകുന്നു. മഴ മാപിനി സ്ഥാപിക്കുന്നതോടെ മുന്നറിയിപ്പ് നൽകുന്നതും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതും എളുപ്പമാകും. നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാനും കഴിയും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്ന ദുരന്തങ്ങൾ പ്രതിരോധിക്കാൻ മഴമാപിനി ഉപകരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള യാതൊരു സംവിധാനവും മലയോര പ്രദേശങ്ങളിലില്ല. പ്രളയ ജലത്തിന്റെ വ്യാപ്തി അറിയാനായി ഇരുവഞ്ഞിപ്പുഴയിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ കേന്ദ്ര ജല കമ്മിഷൻ തോട്ടത്തിൻകടവിൽ സ്ഥാപിച്ച ജലനിരപ്പ് നിരീക്ഷണ സംവിധാനം മാത്രമാണ് നിലവിലുള്ളത്.