വടകര: കൊവിഡ് ഭീഷണിയെ തുടർന്ന് കൊട്ടി അടക്കപ്പെട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി സ്കൂളും പരിസരങ്ങളും ശുചീകരണം തുടങ്ങിയപ്പോൾ ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ശുചീകരണം മാതൃകയാവുകയുമാണ്. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം തുറക്കുന്നതിന് മുന്നോടിയായ് നടത്തിയ ശുചീകരണ പ്രവൃത്തി ജില്ലാ പഞ്ചായത്തംഗം നിഷ പുത്തമ്പുരയിൽ ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തനങ്ങൾക്ക് ഒരു നാട് മൊത്തം ഒന്നിച്ചു.
പൂർവ വിദ്യാർത്ഥികൾ, ഏറാമല ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആർ.ആർ.ടി വളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ലോക് താന്ത്രിക് യുവജനതാദൾ,ഡി.വൈ.എഫ്.ഐ റവല്യൂഷണറി യൂത്ത്, യൂത്ത് ലീഗ്, യുവ ജനതാദൾ, യൂത്ത് കോൺഗ്രസ് ,തുടങ്ങി യുവജന സംഘടനാ പ്രവർത്തകർ, സേവാഭാരതി പ്രവർത്തകർ, സി.വൈ.കെ കുന്നുമ്മക്കര ,റിലേറ്റീവ്സ് സാംസ്കാരിക വേദി, എം. പി. വി കൾച്ചറൽ സെന്റർ, പ്രോമിസ് ഓർക്കാട്ടേരി, തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ, സ്കൂൾ അദ്ധ്യാപകർ, ജീവനക്കാർ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നീ 150 ഓളം വരുന്ന നാട്ടുകൂട്ടം ഒന്നിച്ചിറങ്ങിയാണ് ശുചീകരണം നടത്തിയത്. ഞായറഴ്ച കാലത്ത് ഏഴരയോടെയായിരുന്നു ശുചീകരണമാരംഭിച്ചത്. ഒന്നര വർഷമായി പടർന്ന് പന്തലിച്ച കാട്ട് ചെടികൾ വെട്ടിമാറ്റി. ക്ലാസ് മുറികൾ അടിച്ചുവാരിയും സ്കൂളിലേക്കുള്ള ഇരുഭാഗങ്ങളിലെ റോഡ് വൃത്തിയാക്കിയും വെടിപ്പാക്കി. യജ്ഞമായി കണ്ടാണ് ശുചീകരണം പൂർത്തീകരിച്ചത്. ഈ യജ്ഞത്തിൽ പങ്കെടുത്ത എല്ലാ സുമനസുകളെയും സ്‌കൂൾ പി.ടി.എ നന്ദിയും അറിയിച്ചു.