സുൽത്താൻ ബത്തേരി: വനാതിർത്തികളിൽ കുടിയിരുത്തിയ ലീസ് കർഷകർക്ക് നൂറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയവും മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് ഭൂരഹിത- ഫോറസ്റ്റ് ലീസ് കർഷക സമര സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ബത്തേരി സ്വതന്ത്രമൈതാനിയിൽ 24 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ലീസ് കർഷകരുടെ അവകാശങ്ങൾക്ക് യാതൊരു പരിഗണനയും നൽകിയിട്ടില്ല. 1977-ന് ശേഷം വനഭൂമി കയ്യേറിയവർക്ക് പോലും സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. വനാതിർത്തിയിൽ കുടിയിരുത്തിയ ഇതേ വിഭാഗത്തിൽപ്പെട്ട കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. ലീസ് കർഷകരിൽ നിന്ന് സംസ്ഥാന സർക്കാർ 2002 വരെ ഭൂനികുതി സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് നികുതി സ്വീകരിച്ചില്ല.
ഫോറസ്റ്റ് ഉദ്യോഗർ അനാവശ്യകേസുകൾ എടുത്ത് കർഷകരെ പീഡിപ്പിക്കുന്നതിനെതിരെ ഡി.എഫ്.ഒ ഓഫീസ് മാർച്ച് നടത്താനും നിയമ ലംഘന സമരങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു. നിരാഹാര സമരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ബിജു ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ ലീസ് കർഷക സമിതി ജില്ലാ ചെയർമാൻ കെ.കെ.രാജൻ, ജനറൽ കൺവീനർ പി.ആർ.രവീന്ദ്രൻ, കെ.എം.ഉദയകുമാർ, ബാലകൃഷ്ണൻ ചുണ്ടപ്പാടി, എ.രാജിവൻ എന്നിവർ പങ്കെടുത്തു.