കുറ്റ്യാടി: തൊട്ടിൽപാലത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതിനു പിറകെ സംഘർഷം. പരിക്കുകളോടെ പത്തോളം പേർ ആശുപത്രിയിലായി.
യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റും തൊട്ടിൽപാലം കാർഷിക വികസന ബാങ്ക് ജീവനക്കാരനുമായ സിദ്ധാർത്ഥ് നരിക്കൂട്ടുംചാലിനു നേരെയായിരുന്നു ആദ്യം അക്രമം. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങവെ അക്രമസൂചന കിട്ടിയതോടെ ഇദ്ദേഹം തിരിച്ച് ബാങ്കിലേക്ക് കയറിയതായിരുന്നു. സഹപ്രവർത്തകൻ വിവരമറിയിച്ചതോടെ പൊലീസ് സംഘമെത്തി. പുറത്തിറങ്ങാൻ അവ ർ സംരക്ഷണവും ഒരുക്കി. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് പറയുന്നു. സഹപ്രവർത്തകൻ റിജേഷ് നരിക്കാട്ടേരിക്കും മർദ്ദനമേറ്റു.
സംഭവത്തിൽ പ്രതിഷേധിച്ച് വൈകിട്ട് ആറോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ഏഴു പ്രവർത്തകർക്ക് പരുക്കേറ്റു. അഖില മര്യാട്ട്, റോണി മാത്യു, ഫസൽ മാട്ടാൻ, എൻ.കെ അഭിഷേക്, വി.പി ആഷിഫ്, നിഖിൽ രൂപ്, അനാന്റോ മാത്യു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ മർദ്ദിച്ചതായി ഡി.വൈ.എഫ്.ഐ നേതാക്കളും ആരോപിച്ചു. പരിക്കേറ്റ ശ്രുതിലയ, അഞ്ജു ശ്രീധർ എന്നിവരെ കുറ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.