news
ജില്ലാ ലെെബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച 'മലബാർ കലാപം നൂറാം വാർഷികം

കോഴിക്കോട്: ഭാവനയ്ക്കനുസരിച്ച് ചരിത്ര സംഭവങ്ങൾ വ്യാഖ്യാനിക്കുന്ന ചരിത്രനിഷേധികളുടെ കാലത്താണ് നമുക്ക് കഴിയേണ്ടി വരുന്നതെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.

ജില്ലാ ലെെബ്രറി കൗൺസിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച 'മലബാർ കലാപം നൂറാം വാർഷികം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

1921 ആഗസ്റ്റ് 20 ന് പൊട്ടിപ്പുറപ്പെട്ട ലഹളയുടെ ചില കാലഘട്ടം മാത്രം അടയാളപ്പെടുത്തുകയും മറ്റുള്ള വിവരങ്ങൾ വാട്ട്സ് ആപ്പ് ഫാക്ടറികളിൽ നിന്ന് ചേർത്തും അവതരിപ്പിക്കുകയാണ് ചില എഴുത്തുകാരും പ്രസാധകരും മാദ്ധ്യമങ്ങളും. അതുകൊണ്ടുതന്നെ ഏതാണ് വിശ്വസിക്കേണ്ടത് എന്ന സംശയത്തിലാണ് ജനങ്ങൾ. അസത്യം നൂറു വട്ടം പറഞ്ഞാൽ സത്യമാകുന്ന ഇക്കാലത്ത് അതിനായി ഒരുപാടു ഉദാഹരണങ്ങളും ചുറ്റിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് ലെെബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ജോയിൻറ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ആമുഖമവതരിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോ.കെ. ഗോപാലൻകുട്ടി, എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.എ.എം ഷിനാസ് എന്നിവ‌‌ർ വിഷയമവതരിപ്പിച്ചു. ജില്ലാ ലെെബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ സ്വാഗതം പറഞ്ഞു.