കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തുടക്കമിട്ട കോഴിക്കോട് സിറ്റി റോഡ് അഭിവൃദ്ധിപ്പെടുത്തൽ പദ്ധതിയിൽ ( ക്രിപ് ) 10 റോഡുകൾക്ക് കൂടി ഉടൻ അനുമതിയായേക്കും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് രണ്ട് മാസം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചത്.
29 കിലോമീറ്റർ ദൈർഘ്യമുള്ള 10 റോഡുകൾ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതെസമയം ഭരണാനുമതി ലഭിച്ചാലും ഒറ്റയടിക്ക് പത്ത് റോഡുകളുടെയും നിർമ്മാണം തുടങ്ങാനാവില്ല. ഏറ്റവും പ്രാധാന്യമുള്ള റോഡുകളുടെ പ്രവൃത്തിക്കായിരിക്കും മുൻഗണന. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരിക്കും മറ്റ് റോഡുകളുടെ നിർമ്മാണം.
നവീകരിക്കുന്നവയിൽ മൂന്ന് റോഡുകൾ നാലുവരി പാതയായിട്ടായിരിക്കും വികസിപ്പിക്കുക. മറ്റുള്ളവ രണ്ടുവരി പാതയായിരിക്കും. റോഡുകളുടെ നവീകരണത്തിന് സ്ഥലം ഏറ്റെടുക്കൽ അനിവാര്യമായതിനാൽ ക്രിപിന്റെ ഓഫീസ് പ്രവർത്തിച്ചുവരികയാണ്. വളവുകൾ പരമാവധി ഒഴിവാക്കി, കയറ്റിറക്കം കുറച്ചായിരിക്കും റോഡുകളുടെ നവീകരണം. റോഡിലെ വെള്ളം ഒഴുകിപ്പോകാനായി അഴുക്കുചാലുകളും നിർമ്മിക്കും. നാലുവരി പാതയിൽ ഡിവൈഡറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 22.251കിലോമീറ്റർ ദൂരം വരുന്ന നഗരത്തിലെ ആറ് റോഡുകളാണ് ഒന്നാംഘട്ടത്തിൽ നവീകരിച്ചത്.
രണ്ടാംഘട്ടത്തിൽ നവീകരിക്കുന്ന 10 റോഡുകൾ
* മാനാഞ്ചിറ - പാവങ്ങാട് റോഡ്
* മൂഴിക്കൽ - കാളാണ്ടിത്താഴം റോഡ്
* അരയിടത്ത്പാലം - അഴകൊടി ദേവി ക്ഷേത്രം റോഡ്
* കല്ലുത്താൻകടവ് - മീഞ്ചന്ത റോഡ്
* മാളിക്കടവ് - തണ്ണീർപന്തൽ റോഡ്
* കരിക്കാംകുളം - സിവിൽസ്റ്റേഷൻ - കോട്ടൂളി റോഡ്
* പെരിങ്ങളം ജംഗ്ഷൻ റോഡ്
* മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ് റോഡ്
* കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര ഫ്ളൈഓവർ റോഡ്
* മിനിബൈപാസ് - സ്വപ്നനഗരി ഫ്ളൈഓവർ റോഡ്.