chaliyar

കോഴിക്കോട്: ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്സ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പമായി ചേർന്ന് ഒരുക്കുന്ന ഏഴാമത് 'ചാലിയാർ റിവർ പാഡിൽ - 2021' നവംബർ 12 മുതൽ 14 വരെ നടക്കും. നിലമ്പൂരിൽ നിന്ന് തുടങ്ങി 68 കിലോ മീറ്റർ പിന്നിട്ട് ബേപ്പൂരിലാണ് തുഴച്ചിൽ സമാപിക്കുക.

പ്ലാസ്റ്റികിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിനൊപ്പം ഉൾനാടൻ പരിസ്ഥിതി സംരക്ഷണം ഉയർത്തിപ്പിടിക്കുക കൂടിയാണ് ജലമേളയുടെ ലക്ഷ്യമെന്ന് ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗശിഖ് കൊടിത്തൊടിക പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം തുഴച്ചിലുകാർ മേളയിൽ പങ്കാളികളാവും. കയാക്കുകൾക്കു പുറമെ, ചങ്ങാടങ്ങൾ, സ്റ്റാൻഡ് അപ്പ് പെഡൽ (എസ്‌ യു പി) എന്നിവയും തുഴച്ചിലിനായി ഒരുക്കും. യുവാക്കളെയെന്ന പോലെ മുതിർന്നവരെയും ബോധവത്കരണ യജ്ഞത്തിൽ അണിനിരത്തും.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. തുഴച്ചിൽ വേളയിൽ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൈമാറും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ് സൈറ്റ് (www.jellyfishwatersports.com) സന്ദർശിക്കാം.