കൽപ്പറ്റ: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് തരംതിരിച്ച് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുളള ക്ലീൻ കേരള കമ്പനിയുടെ ജില്ലാ ഗോഡൗൺ പ്രവർത്തനമാരംഭിച്ചു. പൂതാടി പഞ്ചായത്തിലെ വരദൂരിൽ ആരംഭിച്ച ഗോഡൗണിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.

5000 ചതുരശ്ര അടിയിലാണ് ബിൽഡിംഗ്. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ച് ക്ലീൻ കേരള കമ്പനിയാണ് ഗോഡൗൺ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന മാലിന്യങ്ങൾ കമ്പനിയുടെ മറ്റ് ജില്ലകളിലെ ഗോഡൗണുകളിലേക്കാണ് ഇതുവരെ കയറ്റി അയച്ചിരുന്നത്. അതിനാൽ മാലിന്യ നീക്കം കൃത്യസമയത്ത് നടന്നിരുന്നില്ല. ജില്ല ഗോഡൗൺ പ്രവർത്തനം ആരംഭിച്ചതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. അജൈവ മാലിന്യങ്ങളുടെ കൈമാറ്റത്തിന് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയുമായി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും മാനന്തവാടി, കൽപ്പറ്റ മുനിസിപ്പാലിറ്റികളും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്വകാര്യ ഏജൻസിയുമായാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഇതോടെ അജൈവ മാലിന്യ സംസ്‌കരണത്തിന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ/സ്വകാര്യ ഏജൻസിയുമായോ കരാറിൽ ഏർപ്പെടുന്ന ജില്ലയായി വയനാട്.

ചടങ്ങിൽ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എസ്.വിഘ്‌നേഷ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വി.കെ ശ്രീലത, ശുചിത്വ മിഷൻ പ്രോഗ്രാം കോർഡിനേറ്റർ പി.അനൂപ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ശേഖരിച്ചത് 61,778 കിലോ അജൈവ മാലിന്യം

ജില്ലയിലെ 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ഈ വർഷം ശേഖരിച്ചത് 61,778.72 കിലോ അജൈവ മാലിന്യങ്ങൾ. ഇതുവഴി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചത് 368,791.75 രൂപ. 260 ടൺ തരം തിരിക്കാത്ത ലെഗസി മാലിന്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം ഹരിത കർമ്മ സേന മുഖേയാണ്. 26 തദ്ദേശ സ്ഥാപനങ്ങളിൽ 21 ഇടത്ത് സ്ഥിരമായതും 5 ഇടത്ത് താൽക്കാലികവുമായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ (എം.സി.എഫ്) പ്രവർത്തിക്കുന്നുണ്ട്. ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേന തരംതിരിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ മിനി എം.സി.എഫുകളിൽ സൂക്ഷിക്കുകയും ക്ലീൻ കേരള കമ്പനി നേരിട്ടെത്തി മാലിന്യം ശേഖരിച്ച് ജില്ലാ ഗോഡൗണിൽ എത്തിക്കുകയും ചെയ്യും.

മാലിന്യ ശേഖരണം ഇങ്ങനെ
ഓരോ മാസവും എടുക്കുന്നവ ഉൾപ്പെട്ട കലണ്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. അജൈവ പാഴ് വസ്തുക്കൾക്ക് കമ്പനി മാർക്കറ്റ് വില കൊടുക്കും. പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പ്,ബാഗ്, തെർമേക്കോൾ,കണ്ണാടി, കുപ്പി, ചില്ല്, ഇമാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ ബാറ്ററി ഉൾപ്പെടെ), മരുന്ന് സ്ട്രിപ്പുകൾ, തുണി മാലിന്യം തുടങ്ങിയവയാണ് ക്ലീൻ കേരള കമ്പനി കലണ്ടർ പ്രകാരം ശേഖരിക്കുന്നത്.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന 6 ടൺ ചില്ല് മാലിന്യവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് 2580 കിലോ ചില്ല് മാലിന്യവും ശേഖരിച്ചു നൽകി.

ജില്ലയിൽ ഇതുവരെ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഇപ്രകാരമാണ്.

പുൽപള്ളി 6,279 കിലോ 36,147.8 രൂപ, പടിഞ്ഞാറത്തറ 4374.5 കിലോ 29705 രൂപ, കണിയാമ്പറ്റ 10,673.8 കിലോ 27263 രൂപ, പൂതാടി 2002 കിലോ 4112 രൂപ, മുട്ടിൽ 5,807.5 കിലോ 35,985 രൂപ, പനമരം 1651 കിലോ 8468 രൂപ, കോട്ടത്തറ 5,499 കിലോ 37,913.5 രൂപ, വെങ്ങപ്പള്ളി 638.5 കിലോ 3178 രൂപ, വൈത്തിരി 1,387.1 കിലോ 8,701.6 രൂപ, തൊണ്ടർനാട് 243.35 കിലോ 2309.7 രൂപ, നൂൽപ്പുഴ 945 കിലോ 8,372.5 രൂപ, അമ്പലവയൽ 2721 കിലോ 13941 രൂപ, മുള്ളൻകൊല്ലി 4,507.52 കിലോ 14,187.5 രൂപ, മീനങ്ങാടി 1468.45 കിലോ 10618 രൂപ, മേപ്പാടി 441.8 കിലോ 3408 രൂപ, വെള്ളമുണ്ട 58.55 കിലോ 432.3 രൂപ, എടവക 62.8 കിലോ 423.8 രൂപ, മാനന്തവാടി 911.5 കിലോ 5710.5 രൂപ, മൂപ്പൈനാട് 123.3 കിലോ 1165.3 രൂപ, തരിയോട് 1,222.6 കിലോ 8,007.6 രൂപ, തവിഞ്ഞാൽ 895.8 കിലോ 5374.8 രൂപ, കൽപ്പറ്റ 11,770.95 കിലോ 74,564.65 രൂപ.