കൽപ്പറ്റ: രാഹുൽഗാന്ധി എം.പി 26ന് ഓൺലൈൻ ആയി നടത്താൻ നിശ്ചയിച്ചിരുന്ന പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം അവസാന നിമിഷം ജില്ലാ ഭരണകൂടം അട്ടിമറിച്ചതായി ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ എന്നിവർ ആരോപിച്ചു.

2018ൽ അന്നത്തെ എം.പി എം.ഐ.ഷാനവാസ് മുൻകൈയെടുത്ത് 1.20 കോടി രൂപ അനുവദിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ഈ വർഷം പണി പൂർത്തിയായതിനെ തുടർന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ഘാടന കാര്യങ്ങൾ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. 26ന് 4 മണിക്ക് ഓൺലൈനായി രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യാൻ തീരുമാനിക്കുകയും സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ജില്ലാ കലക്ടറെ കണ്ട് അംഗീകാരം വാങ്ങുകയും ചെയ്തതാണ്. എന്നാൽ 25ന് മൂന്ന് മണിക്ക് ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ വിളിച്ച് ഉദ്ഘാടന പരിപാടി റദ്ദ് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് കലക്ടറുടെ നിർദ്ദേശ പ്രകാരം എ.ഡി.എമ്മും ഈ ആവശ്യം അറിയിക്കുകയാണുണ്ടായത്. രാഹുൽ ഗാന്ധിയെ അവഹേളിക്കുന്നതിനായി കരുതിക്കൂട്ടി നടത്തിയതാണ് ഇതെന്ന് നേതാക്കൾ ആരോപിച്ചു. രാഹുൽഗാന്ധിയുടെ വിനയവും ലാളിത്യവും ഒരു ദൗർബല്യമായി കാണരുത്. ഇത്തരം നടപടികൾ തുടർന്നാൽ യു.ഡി.എഫ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും മന്ത്രിമാരെയും ജില്ലാ കലക്ടറെയും വഴിതടയുന്നതുൾപ്പടെയുള്ള പ്രക്ഷോഭപരിപാടികൾക്ക് നിർബന്ധിതരാകുമെന്നും യു.ഡി.എഫ് ജില്ലാ നേതാക്കൾ പറഞ്ഞു.