സുൽത്താൻ ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ പണം അക്കൗണ്ടിലെത്തി വർഷം മൂന്നായിട്ടും പണിയ, കാട്ടുനായ്ക വിഭാഗങ്ങളിലെ 23 കുടുംബങ്ങളുടെ പുനരധിവാസം നടന്നില്ല. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിൽപ്പെട്ട ചെട്ട്യാലത്തൂർ വനഗ്രാമത്തിലെ പട്ടിക വർഗ കുടുംബങ്ങളുടെ പുനരധിവാസമാണ് അധികാരികളുടെ അനാസ്ഥമൂലം നീളുന്നത്.
ചെട്ട്യാലത്തൂരിൽ 41 പണി,കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്. ഇതിൽ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള തുക 2019-ൽ ലഭിച്ചതാണ്. പണം കൈകാര്യം ചെയ്യാൻ പ്രാപ്തി കുറവുള്ളതായി കണക്കാക്കി തുക ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. വനംവകുപ്പ്, ട്രൈബൽ വകുപ്പ്,ഗുണഭോക്താവ് എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ടിലാണ് തുകയുള്ളത്. ഓരോ യോഗ്യത കുടുംബത്തിനും കൈവശഭൂമിയുടെ വിസ്തീർണം നോക്കാതെ 10 ലക്ഷം രൂപയാണ് നൽകുന്നത്.
എന്നാൽ മുള്ളക്കുറുമർക്ക് പണം സ്വന്തം അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. ഇവർക്ക് മുഴുവൻ തുകയും ലഭിക്കുകയും ഇവർ വനത്തിന് പുറത്തേക്ക് താമസം മാറ്റുകയും ചെയ്തു.

പണിയ,കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിന് പുറത്ത് ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടർ അദ്ധ്യക്ഷയായ ജില്ലാതല നിർവഹണ സമിതിക്കാണ്. വയനാട് വൈൽഡ് ലൈഫ് വാർഡനാണ് സെക്രട്ടറി.
വനത്തിന് പുറത്ത് ഭൂമി കാണിച്ചുകൊടുക്കുമ്പോൾ അത് വാങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പണിയ, നായ്ക്ക വിഭാഗക്കാർ പറയുന്നു.

പുനരധിവാസത്തിന് സന്നദ്ധരല്ലാത്ത ഏതാനും പേരുൾപ്പെടെ 19 കുടുംബങ്ങൾ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്ക് പുറത്താണ്.

പദ്ധതി ഗുണഭോക്താക്കളല്ലാത്ത ചെട്ടി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ചെട്ട്യാലത്തൂരിലുണ്ട്. കൂടുതൽ ഭൂമിയുള്ള ഇവർ മാന്യമായ ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചാലേ പുനരധിവാസത്തിന് തയ്യാറാകൂ എന്ന നിലപാടിലാണ്.


സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ 14 വനഗ്രാമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് ചെട്ട്യാലത്തൂരിലാണ്. കുടുംബങ്ങൾ ഒഴിഞ്ഞു പോകുമ്പോൾ 250 ഏക്കർ ഭൂമി വനം വകുപ്പിന് ലഭിക്കും. മുഴുവൻ കുടുംബങ്ങളും ഗ്രാമം വിട്ടാൽ 300 ഏക്കർ കൃഷി ഭൂമി വനഭൂമിയായി മാറും.

പണിയ. കാട്ടുനായ്ക്ക കടുംബങ്ങൾക്ക് തുക നേരിട്ട് നൽകണമെന്ന് ഗോത്ര സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. പ്രാപ്തികുറവ് പറഞ്ഞ് ഒഴിവാക്കേണ്ട കാലം കഴിഞ്ഞെന്ന് പണിയ മഹാസഭ ജനറൽ സെക്രട്ടറി ബിജുകാക്കത്തോട് പറഞ്ഞു.

ഫേട്ടോ--ചെട്ട്യാ
ചെട്ട്യാലത്തൂർ ഗ്രാമം