കൽപ്പറ്റ: ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്സപോ കാണാനുള്ള യാത്രയ്ക്ക് അശ്മിൽ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രാഥമിക മത്സര പരീക്ഷയും തുടർ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടർനാട് എം.ടി.ഡി.എം എച്ച്.എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ അശ്മിൽ ഈ നേട്ടം കരസ്ഥമാക്കിയത്. തൊണ്ടർനാട് കോറോം കോരൻകുന്നൻ മൊയ്തീന്റെയും ലൈലയുടെയും മകനാണ്.
സ്‌കൂൾതലത്തിലുള്ള ആദ്യ റൗണ്ട് പരീക്ഷയ്ക്ക് ശേഷം കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ നടന്ന രണ്ടാം റൗണ്ട് പരീക്ഷയിൽ 57 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ നിന്ന് മികവുതെളിയിച്ച ഏഴുപേരെയാണ് പ്രത്യേക പാനലിന് മുന്നിലുള്ള മുഖാമുഖത്തിൽ പങ്കെടുപ്പിച്ചത്. ഏറ്റവും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിയെ ദുബായ് എക്സ്‌പോ കാണാനുള്ള തിരഞ്ഞെടുക്കാനുള്ള മുഖാമുഖമാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കളക്‌ട്രേറ്റിൽ നടന്നത്.
മുഖാമുഖത്തിന് സബ്കളക്ടർ ആർ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പാനലാണുണ്ടായിരുന്നത്. ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ ദേശീയ ഗണിത ശാസ്ത്രമേളയിൽ അശ്മിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.