കുന്ദമംഗലം: വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കുന്ദമംഗലം സെക്ഷനിലെ വൈദ്യുതി ജീവനക്കാർക്ക് നേരെ വീട്ടുടമസ്ഥന്റെ മർദ്ദനം. പരിക്കേറ്റ വൈദ്യുതി കരാ‌ർ ജീവനക്കാരൻ അബ്ദുൾജലീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം കുരിക്കത്തൂരിനടുത്ത് ശാന്തിച്ചിറയിലാണ് സംഭവം. പെരിങ്ങൊളം കുരിക്കത്തൂർ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇല്ക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നു. വ‌‌‌‌ർഷങ്ങൾക്ക് മുമ്പ് പറമ്പിൽ സ്ഥാപിച്ച് സ്റ്റേ വയർ മാറ്റിസ്ഥാപിക്കുന്ന സമയത്താണ് പാലക്കോട്ട് പറമ്പ് ചേക്കു ജീവനക്കാരെ മർദ്ദിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തത്. സ്റ്റേ വയർ പിടിച്ച് നിലത്തിരുന്ന് പ്രതിഷേധിച്ച വീട്ടുടമസ്ഥനെ കുന്ദമംഗലം പൊലീസെത്തി പിടിച്ചുമാറ്റി. കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.