കോഴിക്കോട്: ജില്ലയിലെ സംസ്ഥാന - ദേശീയപാതകളിലെ കുഴികൾ ഉടൻ അടയ്ക്കും. പാതകളിലെ കുഴികളടച്ച് അപകടങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി കർശന നിർദേശം നൽകുകയായിരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, പരിശോധന എന്നിവയ്ക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) വികസിപ്പിക്കും. അറ്റകുറ്റപ്പണികൾ ആവശ്യമുള്ളിടത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
അപകടമരണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നേരത്തെ നിർദേശം നൽകിയതാണ്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ കാലവർഷത്തിലുണ്ടായ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിയ്ക്കും കെ.എസ്.ടി.പിക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്.
എൽ. എസ്. ജി. ഡി എക്‌സിക്യൂട്ടിവ് എൻജിനീയർ ചന്ദ്രൻ. സി, പൊതുമരാമത്ത് വകുപ്പ് (എൻ. എച്ച്) എക്‌സിക്യൂട്ടിവ് എൻജിനിയർ സി.ജമാൽ മുഹമ്മദ്, കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എൻജിനിയർ ഷാജി തയ്യിൽ, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) എക്‌സിക്യൂട്ടിവ് എൻജിനീയർ വി.കെ.ഹാഷിം, ട്രാഫിക് (നോർത്ത് ) എ.സി.പി പി.കെ.രാജു, എൻ.എച്ച്.എ.ഐ സൈറ്റ് എൻജിനിയർ ഹർകേഷ് മീണ, പ്രോജ്ക്ട് മാനേജർ കെ.പി.കോയമോൻ, യു.എൽ.സി.സി.എസ് പ്രോജക്ട് മാനേജർ അജിത് കുമാർ, സൈറ്റ് എൻജിനിയർ കെ.വി.വിപിൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.