വടകര: നടക്കുതാഴ - ചോറോട് കനാലിന്റെ ജലശേഷി പ്രാദേശിക വികസനത്തിന് ഏറെ പ്രയോജനപ്പെടുത്താനാവുമെന്ന നിർദ്ദേശവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. കൃഷിയ്ക്ക് ജലസേചനത്തിനു പുറമെ ടൂറിസം വികസനസാദ്ധ്യത കൂടി ഉപയോഗപ്പെടുത്താനാവുമെന്ന്
പരിഷത്തിന്റെ ജില്ലാ പരിസരവിഷയ സമിതി ചൂണ്ടിക്കാട്ടുന്നു.
വടകര മുനിസിപ്പാലിറ്റി, ചോറോട്, ഏറാമല പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാലിന്റെ ദു:സ്ഥിതി കഴിഞ്ഞ ദിവസം 'കേരളകൗമുദി"യിൽ വാർത്തയായിരുന്നു. കുറുമ്പയിൽ മുതൽ കനാൽ അവസാനിക്കുന്ന കളയാംവള്ളിവരെ ഏതാണ്ട് 10 കിലോമീറ്റർ ദൂരം പഠനസംഘം സഞ്ചരിച്ച് വസ്തുതകൾ മനസ്സിലാക്കിയ ശേഷമാണ് സമിതി ചെയർമാൻ മണലിൽ മോഹനൻ, കൺവീനർ വിജീഷ് പരിവരി എന്നിവർ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
കനാലിലേക്ക് എത്തുന്ന മഴവെള്ളമത്രയും മാഹി പുഴയിലേക്ക് ഒഴുകിപ്പോവുന്ന അവസ്ഥയാണിപ്പോൾ. കനാലിൽ ഏറ്റവും കുറഞ്ഞത് അഞ്ചിടങ്ങളിലെങ്കിലും ബന്ധാരകൾ (വി സി ബി) പോലുള്ള ചെക്ക് ഡാം പണിത് വെള്ളം തടഞ്ഞു നിറുത്തി കൃഷിയ്ക്ക് ഉപയോഗപ്പെടുത്താം. ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനായാൽ തൊഴിലധിഷ്ഠിത പ്രാദേശിക വികസനത്തിന് ഉതകും.
ഇറിഗേഷൻ വകുപ്പ് ഈയിടെ കരാർ കൊടുത്ത് കനാലിന്റെ ഇരുഭാഗങ്ങളിലും കോരിയിട്ട മണ്ണ് അടിയന്തരമായി കുറച്ചുമാറ്റിയിട്ടാൽ കരയിലൂടെയുള്ള സഞ്ചാരം സുഗമമാക്കാൻ കഴിയും. ഓരോ കിലോമീറ്റർ ദൂരത്തിലും ഇരുകരകളിലെയും താമസക്കാരെ ഒന്നിപ്പിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ജനകീയ സമിതികൾ രൂപീകരിച്ചാൽ കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാം. പാടശേഖര സമിതികളുടെയും കർഷക സംഘടനകളുടെയും സഹകരണത്തോടെ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കാൻ പരിഷത്ത് തന്നെ മുൻകൈയെടുക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെന്ന പോലെ സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെയും കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെയും സഹായം തേടും.
പഠന സംഘത്തിൽ സയന്റിസ്റ്റ് ഇ.അബ്ദുൽ ഹമീദ്, പരിഷത്ത് ജില്ലാ സെക്രട്ടറി എ.ശശിധരൻ, എൻജിനിയർ മണലിൽ മോഹനൻ, കെ.രാജീവൻ, പി.കെ. പ്രേമൻ, ശ്രീശൻ കുനിയൻ, സി.വി.അനിൽകുമാർ, പി.കെ.പ്രഭാകരൻ പി.കെ എന്നിവരുണ്ടായിരുന്നു.