photo
ബാലുശ്ശേരി എ.എസ്.ഐ. ഗിരീഷ് കുമാറിന്റെ മൃതദേഹം ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

ബാലുശ്ശേരി / കൊയിലാണ്ടി: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉള്ള്യേരി

കൊയക്കാട് കോളോത്ത് ഗിരീഷ്‌കുമാറിന്റെ അകാല വിയോഗത്തിൽ പൊലീസ് സേനയ്ക്ക് നഷ്ടമായത് മികച്ച അന്വേഷണ വിദഗ്ദനെ.

റൂറൽ പൊലീസ് ചീഫിന്റെ നാർക്കോട്ടിക് സ്ക്വാഡിലെയും ക്രൈം സ്‌ക്വാഡിലെയും മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഗിരീഷ്. 2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിനു സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്തിയത് ഗിരീഷിന്റെ അന്വേഷണ മികവിലായിരുന്നു. 2018-ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മ മരിച്ച സംഭവത്തിൽ യാതൊരു തെളിവും പരാതിയുമില്ലാഞ്ഞിട്ടും കൊലപാതകമാണെന്ന് ഇദ്ദേഹം കണ്ടെത്തി. പ്രതിയെ വൈകാതെ പിടികൂടാനും കഴിഞ്ഞു.

ബാലുശ്ശേരി സ്റ്റേഷൻ പരിധിയിലെ രണ്ടു കൊലപാതക കേസുകൾ തെളിയിക്കുന്നതിലും ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിലും ഗിരീഷിന്റെ അന്വേഷണപാടവം സേനയ്ക്ക് മുതൽകൂട്ടായിരുന്നു. മുഖ്യമന്ത്രിയുടെ മെഡലിനു പുറമെ ഏതാണ്ട് 150 ഗുഡ്സ് എൻട്രികൾ സർവീസിനിടയിൽ നേടിയിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലും അംഗമായിരുന്നു.
ഗിരീഷ് കുമാറിന്റെ മൃതദേഹം ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

സഹപ്രവർത്തകർ പലരും വിങ്ങിപ്പൊട്ടുകയായിരുന്നു. റൂറൽ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ്ർ, പേരാമ്പ്ര ഡിവൈ.എസ് പി ജയൻ ഡൊമനിക്, താമരശ്ശേരി ഡിവൈ.എസ്.പി. അഷറഫ് തെങ്ങിൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും മാദ്ധ്യമപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.

ഗിരീഷ് കുമാർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കക്കഞ്ചേരി എ.എൽ.പി സ്കൂളിലും മൃതദേഹം പൊതു ദർശനത്തിന് വെച്ചിരുന്നു.