കോഴിക്കോട് : കൊവിഡ് വ്യാപനത്താൽ 2020 ജൂണിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ സർവീസ് നഷ്ടമായ അദ്ധ്യാപകർക്ക് അർഹമായ സമാശ്വാസം പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. അദ്ധ്യാപകരുടെ നിസഹായവസ്ഥയും പരാതിയിലെ നിയമവശവും കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാൻ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദ്ദേശം നൽകിയത്. നടപടി സംബന്ധിച്ച് രണ്ട് മാസത്തിനകം കമ്മിഷനെ അറിയിക്കണം.
2021 ജൂലായ് 15 മുതൽ അഡ്വൈസ് ലഭിച്ച അദ്ധ്യാപകരെ സർവീസിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് കമ്മിഷന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സർവീസിൽ പ്രവേശിക്കേണ്ടത് 2020 ജൂൺ ഒന്നിനാണ്. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിനാൽ കഴിഞ്ഞില്ല. ഒരു വർഷം അദ്ധ്യാപക തസ്തികയിലുള്ള സീനിയോറിറ്റിയും ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് പരാതിക്കാരനായ പൊതു പ്രവർത്തകൻ ഫ്രാൻസിസ് കമ്മിഷനെ അറിയിച്ചു.