പുൽപ്പള്ളി: കനത്ത മഴയിൽ കബനി ജലസമൃദ്ധമായതോടെ മീൻപിടുത്തവും സജീവമായി. കർണാടകയിലെ ബീച്ചനഹള്ളി ഡാം അടച്ചതോടെ കബനിയിൽ നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് റിസർവ്വോയറിൽ നിന്ന് മീനുകൾ വയനാട് അതിർത്തി പ്രദേശങ്ങളിലേക്കും എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ മീൻ പിടിക്കാനായി കബനി തീരത്ത് എത്തുന്നുണ്ട്. മഴക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങൾ നിലനിനിന്നതിനാൽ മീൻ പിടുത്തത്തിനും വിലക്കുണ്ടായിരുന്നു.
കേരള - കർണാടക അതിർത്തിയായ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് മീൻപിടുത്തക്കാരുടെ തിരക്കാണിപ്പോൾ. വലയിട്ടും ചൂണ്ടയിട്ടുമാണ് മീൻ പിടുത്തം. ചെമ്പല്ലി, രോഹു, കട്‌ല തുടങ്ങിയ മീനുകളാണ് ധാരാളമായി ലഭിക്കുന്നത്.
പുഴമത്സ്യം വാങ്ങാൻ കബനി തീരത്ത് ആളുകളും ഇപ്പോൾ എത്തുന്നുണ്ട്. മീൻപിടുത്തത്തിനായി കൂടുതൾ ആളുകൾ എത്തിയതോടെ മീൻ പിടിക്കാനുള്ള സാമഗ്രികളുടെ വിൽപനശാലകളും ആരംഭിച്ചിട്ടുണ്ട്. രാവിലെ ആരംഭിക്കുന്ന മത്സ്യ ബന്ധനം വൈകീട്ട് വരെ നീണ്ടുനിൽക്കും.