രാമനാട്ടുകര :നിരന്തരമുണ്ടാകുന്ന മഴക്കെടുതിയിൽ ദുരിതക്കയത്തിലാണ് രാമനാട്ടുകര നഗരസഭയിലെ പതിനാറാം ഡിവിഷൻ പ്രദേശ വാസികൾ. ഒരോ തവണയും വീട്ടിലും മുറ്റത്തും വെള്ളം കയറിയിറങ്ങുമ്പോൾ പല നാശ നഷ്ടങ്ങളും ഉണ്ടാകുന്നതോടൊപ്പം രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രവും വെള്ളത്തിലാവുന്നു. നൂറുകണക്കിന് രോഗികൾ അരയ്ക്കൊപ്പം വെള്ളത്തിലൂടെ വേണം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്താൻ. നഗരസഭയിലെ മുഴുവൻ ജനങ്ങളുടെയും അയൽ പ്രദേശക്കാരുടെയും ഏക ആശ്രയമാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. ചെറു മഴക്ക് പോലും വെള്ളക്കെട്ടി നിൽക്കുന്നതിനാൽ പ്രവർത്തനം തടസപ്പെടുന്നത് നിത്യകാഴ്ചയാണ്.റോഡ് പുഴയായി ഗതാഗതവും വൈദ്യുതിയും തടസപ്പെടുന്നതോടെ അത്യാവശ്യ രോഗികൾ പോലും ആശുപത്രികളിൽ എത്താൻ ബുദ്ധിമുട്ടുന്നു.
കിടത്തി ചികിത്സ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന ഈ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈ ദുരവസ്ഥയെക്കുറിച്ച് പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ടെങ്കിലും, ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല. വെള്ളകയറിയാൽ ദേശീയ പാതക്കരികിലെ മദ്രസയാണ് പീന്നീട് കുടുംബാരോഗ്യ കേന്ദ്രം. തടയണ പൊളിക്കാൻ തീരുമാനിക്കുണ്ടെങ്കിലും ഇത് വരെ നടപടികളുണ്ടായില്ല എന്നും പരിസരവാസികൾ പറഞ്ഞു .ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർക്ക് വേണ്ടി പുല്ലും കുന്ന് റെസിഡൻസ് അസോസിയേഷൻ ( പുര) മാറി വന്ന ഇരു നഗരസഭ ഭരണാധികൾക്കും പല തവണ പരാതികൾ നൽകിയിരുന്നു.ഈ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി ജനകീയ സമരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
നീലിത്തോട് കരകവിഞ്ഞാൽ
രാമനാട്ടുകര നഗരസഭയിലെ 16ാം ഡിവിഷനിലെ മുഴുവൻ ഭാഗങ്ങളും പൂർണ്ണമായും വെള്ളത്തിലകപ്പെടുന്നതിന് പ്രധാന കാരണം പ്രദേശത്തെ നീലിത്തോട് കവിഞ്ഞൊഴുകുന്നതാണ്.ജില്ലാതിർത്തി പ്രദേശമായതിനാൽ മലപ്പുറം ജില്ലയിൽ നിന്ന് മൂന്നു ചെറിയ തോടുകളിലൂടെയെത്തുന്ന വെള്ളം ഒന്നായി ഒരുവഴിയിലൂടെ മാത്രം ശക്തിയിൽ പതിച്ച് നീലി തോട് കവിയുകയാണ് .ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ജലസേചന വകുപ്പ് തോടിന്റെ സംരക്ഷണ ഭിത്തി കെട്ടിയതായിരുന്നു. ഇപ്പോൾ കാലപ്പഴക്കം കൊണ്ട് പൊട്ടി പൊളിഞ്ഞു, ഇതിന്റെ ഉയരക്കുറവും കരയിലേക്ക് ഒഴുക്ക് വ്യാപിക്കാൻ കാരണമാകുന്നു .അശാത്രീയമായി നിർമിച്ച തടയണകളും വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു.തോടിന്റെ സ്ഥലം അനധികൃതമായി കയ്യേറ്റം ചെയ്തത് ഒഴിപ്പിച്ച് സംരക്ഷണ ഭിത്തി ഉയർത്തിയാൽ ഒരു പരിധി വരെ വെള്ളക്കെട്ടിന് പരിഹാരം കാണാനാകും.