ബാലുശ്ശേരി: നീന്താൻ അറിയില്ലെന്ന് കരുതി ഇനി ആരും സങ്കടപ്പെടേണ്ട, ഒന്നു വിളിച്ചാൽ എവിടെ വന്ന് നീന്തൽ പഠിപ്പിക്കാനും തയ്യാറായി നിൽക്കുന്ന ഒരാളുണ്ട് ബാലുശ്ശേരിയിൽ, മനോജ് കുന്നോത്ത്. ഫീസൊന്നുമില്ല, നമ്മൾ സന്നദ്ധരായാൽ മാത്രം മതി. രണ്ട് വർഷത്തിനുളളിൽ ഈ നീന്തൽ ടീച്ചറുടെ കൈകളിൽ തുഴഞ്ഞു പഠിച്ചത് നൂറിലധികം പേരാണ്. കൂടുതലും കുട്ടികൾ. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഉളളവരാണ് ശിഷ്യരിൽ ഏറെയും. നിലവിൽ 56 കുട്ടികളുണ്ട് ശിഷ്യരായി. മുങ്ങി മരണം വാർത്തകളിൽ നിറയാൻ തുടങ്ങിയതോടെയാണ് പരിശീലകന്റെ വേഷമണിയാൻ മനോജ് തീരുമാനിച്ചത്. കൊവിഡിന്റെ അടച്ചിടൽ കൂടിയായതോടെ നീന്തൽ പഠിക്കാനായി പലരുമെത്തി. പരിശീലനത്തിനായി പ്രത്യേക സ്ഥലമൊന്നുമില്ല. വിളിക്കുന്നവരെല്ലാം ഒരു പ്രദേശത്തുകാരാണെങ്കിൽ അവിടേക്ക് ചെല്ലും. കുളമാണോ, പുഴയാണോ ഉളളത് അവിടെ പരിശീലനം. വെളിച്ചെണ്ണ മിൽ തൊഴിലാളിയായിരുന്നു മനോജ്. പിന്നീട് പൊതു പ്രവർത്തനത്തിലേക്ക് ഇറങ്ങി. 10 വർഷത്തെ സാമൂഹ്യ പ്രവർത്തനത്തിനിടെ ഒരു തവണ തിരഞ്ഞെടുപ്പിലും മത്സരിച്ചു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആറാം വാർഡിലെ തിരഞ്ഞെടുപ്പിൽ നിസാര വോട്ടിനായിരുന്നു തോൽവി. കൊവിഡ് കാലത്തെ മനോജിന്റെ സേവനം ഇന്നും പ്രദേശത്തുകാർ എടുത്തുപറയും. ആളുകൾ പുറത്തിറങ്ങാൻ മടിച്ചിരുന്ന സമയത്ത് ഭക്ഷണ സാധനങ്ങളും മരുന്നുമെല്ലാം വീടുകളിൽ എത്തിച്ചു കൊടുത്തു. നിപ, പ്രളയം എന്നിവയുണ്ടായപ്പോഴും മനോജ് കർമ്മനിരതനായിരുന്നു.
മുങ്ങിമരണമില്ലാത്ത ദിവസമുണ്ടാവട്ടെയെന്ന പ്രത്യാശയോടെയാണ് മനോജ് ഓരോ ദിവസവും ഉണരുന്നത്. അതിനായി രാവിലെ ഇറങ്ങുകയാണ് പരിശീലനം കാത്തുനിൽക്കുന്നവരേയും കൂട്ടി വെള്ളത്തിലേക്ക്.
മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ റീജ കണ്ടോത്ത്കുഴിയാണ് ഭാര്യ.