കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ ആദ്യസമ്പൂർണ നിയമസാക്ഷര ഗ്രാമപഞ്ചായത്താക്കി മാറ്റാൻ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കർമ്മപദ്ധതിയ്ക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി മർകസ് ലോ കോളജിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വിവിധ നിയമങ്ങളെക്കുറിച്ചും നിയമസേവന അതോറിറ്റിയുടെ സേവനങ്ങളെക്കുറിച്ചും ബോധവത്കരണ പ്രചാരണം ആരംഭിച്ചു. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്‌സണുമായ പി. രാഗിണി ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കമ്മിഷണർ സ്വപ്‌നിൽ മധുകർ മഹാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മർകസ് ലോ കോളജ് പ്രിൻസിപ്പൽ ഡോ.അഞ്ജു എൻ.പിള്ള മുഖ്യപ്രഭാഷണം നടത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ആദ്ധ്യക്ഷത വഹിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്‌ജ് എം.പി.ഷൈജൽ സ്വാഗതം പറഞ്ഞു.