paket

ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂളിൽ സിവിൽ സപ്ലൈസ് വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ കാലാവധി കഴിഞ്ഞ ഇനം. കാലാവധി കഴിഞ്ഞ ശർക്കര ഉപ്പേരിയാണ് കിറ്റിൽ വിതരണം ചെയ്തിട്ടുള്ളത്. ജൂലായ് 28നാണ് ഇത് പാക്ക് ചെയ്തത്. പാക്കിംഗ് കഴിഞ്ഞ് 60 ദിവസമാണ് കാലാവധിയെന്നും കവറിൽ എഴുതിയിട്ടുണ്ട്. പാക്കിംഗ് കഴിഞ്ഞ് 82-ാം ദിവസം 18 മുതൽ 21 വരെയാണ് കിറ്റുകൾ പലഘട്ടങ്ങളായി സ്‌കൂളിൽ എത്തിച്ചത്. 25 മുതൽ ഭക്ഷ്യ കിറ്റുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനും തുടങ്ങി. ഭക്ഷ്യ കിറ്റിൽ നിന്നും ഒന്നും എടുത്ത് മാറ്റാൻ സ്‌കൂൾ അധികൃതർക്ക് അധികാരമില്ല. കിറ്റുകൾ വിതരണം ചെയ്ത ഉടൻ കാലാവധി കഴിഞ്ഞ ശർക്കര ഉപ്പേരിയാണ് കിറ്റിൽ ഉൾപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ അത് കഴിക്കരുതെന്ന് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചതായി പ്രധാനാദ്ധ്യാപിക പി.വിനീത പറഞ്ഞു.

 സാധനങ്ങൾ മാറ്റി നൽകുമെന്ന് സിവിൽ സപ്ലൈസ് വിഭാഗം
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ കാലാവധി കഴിഞ്ഞ ഇനം എങ്ങിനെ ഉൾപ്പെട്ടുവെന്ന് അറിയില്ലെന്ന് സിവിൽ സപ്ലൈസ് ഒറ്റപ്പാലം ഡിപ്പോ മാനേജർ വി.എച്ച്.മുസ്തഫ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുമെന്നും കാലാവധി കഴിഞ്ഞ ഇനത്തിന് പകരം സാധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.