കോഴിക്കോട്: വ്യാജപരാതിയിൽ അറസ്റ്റ് ചെയ്ത് 31 ദിവസം ജയിലിൽ കിടത്തിയതിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച് കടം - കടക്കെണി പീഡിതർ സംഘടനയുടെ സെക്രട്ടറി എം.പി ഷാഹുൽഹമീദ്. ഹർജിയിൽ കോഴിക്കോട് സബ് കോടതി സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ 12 പേർ നവംബർ മൂന്നിന് ഹാജരാകാൻ സമൻസ് അയച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയുടെ ഓഫീസിൽ 2020 ഫെബ്രുവരി 9 ന് എത്തിയ യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുംവിധം പെരുമാറിയെന്നും ജാതീയ അധിക്ഷേപം നടത്തിയെന്നുമായിരുന്നു പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഫറോക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ ജാമ്യാമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇതേ പരാതിയിൽ പന്തീരാങ്കാവ് പൊലീസും കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റിലായതോടെ 31 ദിവസം ജയിലിൽ കഴിയേണ്ടി വന്നു.
നിയമ പോരാട്ടത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ സെഷൻസ് കോടതി നിയമനടപടികൾ അവസാനിപ്പിക്കുകയായിരുന്നു. വ്യാജപരാതി നൽകിയവരെ പ്രതി ചേർത്ത് മൂന്നാം ജുഡിഷ്യൽ ഫസ്റ്റ് കളാസ് മജിസ്ട്രേട്ട് കോടതിയിൽ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.