കുറ്റ്യാടി: ഒരു ഗ്രാമത്തിന് ഒന്നാകെ ആശ്വാസമായി കൊവിഡ് കാലവും താണ്ടി മുന്നോട്ട് പോവുകയാണ് മെഡികെയർ പദ്ധതി. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് നരിക്കൂട്ടുംചാൽ വേദിക ചാരിറ്റബൾ ട്രസ്റ്റാണ് മെഡികെയർ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇതുവഴി പ്രദേശത്തെ ആളുകൾക്ക് ഹെൽത്ത് കാർഡ് പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഷുഗർ, ബി.പി, തൂക്കം എന്നിവയുടെ പരിശോധന കൃത്യമായി നടത്തി വരുന്നു. കൂടാതെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകളും നൽകി വരുന്നു. കൊവിഡ് കാലത്ത് പ്രദേശത്തെ പ്രായമായ ആളുകൾക്ക് ആശുപത്രികളിൽ പോകാനുള്ള പ്രയാസങ്ങൾ മനസിലാക്കിക്കൊണ്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. ഡോ. അമൽജ്യോതി ,ജെ.എച്ച്.ഐ.എം പി.പ്രേമരാജ്, ഡയറ്റിഷ്യൻ ബിനി ആന്റണി, ആശാ വർക്കർമാരായ കെ.പി.റോജ, അശ്വതി.എം.നായർ തുടങ്ങിയവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. വേദിക ട്രസ്റ്റ് ഭാരവാഹികളായ എസ്.ഡി.സുധീപ്, പി.പി.വിജയൻ, കെ.കെ.സന്തോഷ്, ജെ.ഡി. ബാബു, എസ്.ജെ.സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.കെ.രവീന്ദ്രൻ തുടങ്ങിയവരും പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു.