കോഴിക്കോട്: പ്ളസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാർച്ചിനു നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം.
പിന്നീട് റോഡ് ഉപരോധിക്കാൻ മുതിർന്ന 13 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
ബി.ഇ.എം ഗേൾസ് സ്കൂളിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് ആ ശ്രമം ഉപേക്ഷിച്ച പ്രക്ഷോഭകർ എസ്.ബി.ഐ ജംഗ്ഷനിൽ ഗതാഗതം തടയാൻ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. അറസ്റ്റിലായവരെ കസബ പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.