മാവൂർ: പത്തുനാല്പത് വർഷത്തിലേറെ ഇല്ലായ്മകളേ പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ, നാലഞ്ചു വർഷം കൊണ്ടു ആ ചരിത്രം തിരുത്തിയെഴുതുന്ന മാറ്റങ്ങൾ വന്നുതുടങ്ങിയതോടെ മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൈവന്നത് പുത്തൻമുഖം മാത്രമല്ല. നേട്ടത്തിന്റെ പട്ടികയുടെ പൊൻതിളക്കം കൂടിയാണ്. പഞ്ചായത്തിന് തിലകക്കുറിയായി മാറിയിരിക്കുകയാണ് ഇന്നിപ്പോൾ മേച്ചേരിക്കുന്നിലെ ഈ സർക്കാർ വിദ്യാലയം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016-17ൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങൾ മുന്നേറിയപ്പോൾ വിപ്ളവം കുറിക്കുന്ന മാറ്റങ്ങൾ വരികയായിരുന്നു മാവൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ. എം.പി, എം.എൽ.എ ഫണ്ട് കാര്യമായി തുണച്ചതിനു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളുമെല്ലാം കൈകോർത്തതോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ പടിപടിയായി ഉയർന്നു. അക്കാദമിക് തലത്തിലെന്ന പോലെ മാസ്റ്റർ പ്ലാൻ ഭൗതിക വികസനത്തിനായും നടപ്പാക്കി.
ഒരു കാലത്ത് അന്യജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ ഇവിടേക്ക് മാറ്റം കിട്ടിയാൽ യാത്രാദുരിതവും മറ്റും കാരണം ജോലിയിൽ പ്രവേശിച്ച് നീണ്ട അവധി എടുത്തു പോവുകയായിരുന്നു പതിവ്. ഇപ്പോൾ സ്ഥിതി മാറി. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏതാണ്ട് 1500 കുട്ടികളുണ്ട്.അറുപതോളം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും.
മറ്റെവിടെയും സീറ്റ് കിട്ടാത്തവർ എത്തിപ്പെട്ടിരുന്ന വിദ്യാലയമെന്ന അവസ്ഥയും പാടെ മാറി. നേരത്തെ വിജയശതമാനം തീരെ മോശമായിരുന്നെങ്കിൽ ഇപ്പോൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയമാണ്. പ്ലസ് ടു വിഭാഗത്തിലുമുണ്ട് ഉന്നതവിജയ ശതമാനം. സ്കൂളിന് സ്വന്തമായി ബസ്സുമുണ്ട്. 7000 പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി കുറച്ചു വർഷങ്ങൾക്കു മുമ്പ് മുമ്പ് കുറേക്കൂടി വിപുലീകരിച്ചു. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് രക്ഷിതാക്കളുമായി കൂടി ആശയവിനിമയം നടത്തുകയാണ് അദ്ധ്യാപകർ. കൂടുതൽ ശ്രദ്ധ വേണ്ടവരുടെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഇന്നവേഷൻ ക്ലബ് കൂടാതെ 2015 ൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയും വന്നു. അസാപ്പ് കരിയർ ഗൈഡൻസ്, ഹരിത കർമ്മസേന, ഇക്കോ ക്ലബ് എന്നിവയും സജീവം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഡിപ്ലോമ കോഴ്സ് തുടങ്ങിയതിനൊപ്പം പെൺകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് ജിംനേഷ്യവും കരാട്ടെ പരിശീലനവും മികച്ച രീതിയിൽ നടത്തുന്നു. ദേശീയ ഹോക്കി ടീമിൽ സ്കൂളിന് പ്രാതിനിധ്യം നേടാനുമായി.
അന്തർദ്ദേശീയ
നിലവാരത്തിലേക്ക്
സംസ്ഥാന സർക്കാർ അനുവദിച്ച 1.35 കോടിയുടെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. ഭൗതികസാഹചര്യങ്ങൾ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള പദ്ധതിയ്ക്ക് കിഫ്ബി അനുവദിച്ച 3.5 കോടിയുടെ നിർമ്മാണ പ്രവൃത്തി വൈകാതെ തുടങ്ങും.
നാൾവഴി
# മൂന്നേക്കറിൽ ഹൈസ്കൂളിന് തുടക്കം 1974-ൽ
# ആദ്യകാലത്ത് ഓലമേഞ്ഞ ക്ലാസ് മുറികൾ
# നടവഴി പോലുമില്ല; മഴക്കാലത്ത് യാത്ര വെള്ളക്കെട്ടിലൂടെ
# ഹയർ സെക്കൻഡറി വിഭാഗം 2017-ൽ
കായിക മേഘലയിലെ വികസനവും ഹൈടെക് ലാബ് ഒരുക്കുന്നതിനും ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എൻ.സുരേഷ്.പി ടി എ പ്രസിഡന്റ് കലാലയത്തിന് ഇനിയും ഭൗതിക സാഹചര്യങ്ങളും യാത്രാ സൗകര്യങ്ങളും അവശ്യമുണ്ട് ശ്രീലത.യു.സി, പ്രഥമ അദ്ധ്യാപിക