മാനന്തവാടി: ബാവലിയിൽ കാട്ടുപാേത്തിനെ വെടിവെച്ച് കാെന്ന കേസ്സിലെ ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചു.
പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി.
വൈത്തിരി വട്ടപ്പാറ മണക്കാട്ടിൽ ഷൗക്കത്തലി (34), വൈത്തിരി അച്ചൂരാനം കുന്നത്ത് സിദ്ദീഖ് (47), സുൽത്താൻ ബത്തേരി കുപ്പാടി കളരിക്കണ്ടി ആസിഫ് (39), കൊടുവള്ളി എലത്തിൽ തീയ്യംകണ്ടികണ്ടത്തിൽ മുഹമ്മദ് ഫാസിൽ (30), പടിഞ്ഞാറത്തറ കുപ്പാടിത്തറ വടക്കേപുത്തൻപുരയിൽ അനസ്(25),
നാലാംമൈൽ വൈശ്യൻ അയ്യൂബ്(40) എന്നിവരാണ് ഇന്നലെ തോൽപ്പെട്ടി വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി.സുനിൽകുമാറിന് മുമ്പാകെ ഹാജരായത്.
ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലും, രണ്ടാഴ്ചയിലൊരിക്കൽ ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന നിബന്ധനയോടെയുമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.
മൂന്ന് മാസം മുമ്പാണ് കാട്ടുപോത്തിനെ വേട്ടയാടിയത്. വനം വകുപ്പ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്‌തെങ്കിലും പ്രതികൾ ഒളിവിലായിരുന്നു. ഏഴ്പ്രതികളിൽ ഒരാളെ വനംവകുപ്പ് നേരത്തെ പിടികൂടിയിരുന്നു.
തോൽപ്പെട്ടി റെയ്ഞ്ചിൽ പെട്ട ബാവലി 58ാംമൈലിൽ വളവിലാണ് ഏട്ട് വയസ്സ് പ്രായമുള്ള കാട്ടുപോത്തിനെ ജൂലായ് 11ന് രാത്രിയിൽ വേട്ടയാടി കൊന്നത്.
സംഭവസ്ഥലത്ത് വെച്ച് പടിഞ്ഞാത്തറ മുണ്ടക്കുറ്റി സ്വദേശി
തിരുവങ്ങാട് മൊയ്തു (46) പിടിയിലായെങ്കിലും മറ്റ് പ്രതികൾ വാഹനങ്ങളുമായി കടന്നുകളയുകയായിരുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ എത്തിയോസ് കാറും, ടാർ ജീപ്പും പിടികൂടുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.
പ്രതികളെ പിടികൂടാൻ വയനാട് വന്യജീവി കേന്ദ്രം വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരെയും, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക അന്വോഷണസംഘം രൂപീകരിച്ചിരുന്നു.
ജൂലായ് 11 ന് രാത്രികാല പരിശോധനയ്ക്കിടയിൽ വെടിയാെച്ചകേട്ട പ്രദേശത്ത് ന്നടത്തിയ തിരച്ചിലിലാണ് വനം
ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ വെടിവെച്ച നിലയിൽ കണ്ടത്.
സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ, മൂന്ന്കത്തി, ഇറച്ചി കൊണ്ടുപോകാനായി കൊണ്ടുവന്ന പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.