രാമനാട്ടുകര: കാട്ടുവള്ളികൾ ചുറ്റിപ്പടർന്ന വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നു. തുടർച്ചയായ മഴ ലഭിച്ചതോടെയാണ് വൈദ്യുതി പോസ്റ്റുകളിലേക്ക് കട്ടുവള്ളികൾ വളർന്ന് ചുറ്റിപ്പടരാൻ തുടങ്ങിയത്. ചില സ്ഥലങ്ങളിൽ ട്രാൻസ്ഫോർമറുകളിലേക്കും ചിലയിടത്ത് വൈദ്യുതിക്കമ്പികളിലൂടെയും വള്ളിക്കെട്ടുകൾ പടർന്നിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ സംഘടനകളും വള്ളികൾ വെട്ടിമാറ്റാറുണ്ടെങ്കിലും നാട്ടുകാരുടെ ശ്രദ്ധയെത്താത്ത സ്ഥലത്താണ് അപകട സാദ്ധ്യത കൂടുതൽ. രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ കള്ളിവളവിൽ പോസ്റ്റിൽ ചുറ്റിപ്പടർന്ന വള്ളികൾ വൈദ്യുതിക്കമ്പിയിലൂടെ പടർന്നിരിക്കുകയാണ്. റോഡരികിലാകയാൽ അശ്രദ്ധമൂലം അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്. നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പിന്റെ മുൻകരുതൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ആവശ്യമുയരുന്നു.