മാനന്തവാടി: എടവക സ്‌പെഷൽ വില്ലേജ് ഓഫീസർ പൗലോസിനെ സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബുവിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.
എടവക പഞ്ചായത്തിലെ അയിലമൂല സ്വദേശികളായ കാഞ്ഞിരത്തിങ്കൽ ജോണി, സഹോദരൻ മത്തായി എന്നിവർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി രണ്ട് വർഷം മുൻപ് എടവക വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. റീസർവ്വേ നടത്തിയപ്പോൾ ഒഴിവായി പോയ ഭൂമിക്കാണ് ഇരുവരും പട്ടയത്തിന് അപേക്ഷിച്ചിരുന്നത്. സ്‌പെഷൽ വില്ലേജ് ഓഫീസർ രണ്ട് വർഷമായി സഹോദരങ്ങളെ നടത്തിക്കുകയും ഓഫീസിൽ ചെല്ലുമ്പോൾ അധിക്ഷേപിക്കുകയും ചെയ്യുന്നതായി ഇവർ പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് സി.പി.ഐ.യുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിച്ചത്.
ഭൂരേഖ വിഭാഗം തഹസിദാർ കെ.എ.അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുജിത്ത് ജോസ്, കെ.രാഗേഷ് തുടങ്ങിയവരെത്തി നടത്തിയ ചർച്ചയിൽ ഒരാഴ്ചകകം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, കെ.സജീവൻ, വി.ജ്യോതിഷ്, അയ്യപ്പൻകുട്ടി എന്നിവർ നേതൃത്വം നൽകി.