കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച കാമറകൾ പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ഇനിമുതൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നൽകുമെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതായി പഞ്ചായത്ത് അധികൃതരും അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ ചെലവിൽ 24 കാമറകളാണ് കുന്ദമംഗലം പൊലീസ് സ്ഥാപിച്ചത്. വൈദ്യുതി ലഭ്യമാക്കാമെന്ന് വ്യാപാരി- പൊലീസ് ധാരണയിലാണ് സംവിധാനം ആരംഭിച്ചിരുന്നത്. തുടക്കത്തിൽ ടൗണിൽ അഞ്ച് ഇടങ്ങളിലെ കടകളിൽ നിന്നായിരുന്നു വൈദ്യുതി ലഭ്യമാക്കിയിരുന്നത്. എന്നാൽ ലോക്ക്ഡൗണിൽ കടകൾ അടഞ്ഞതോടെ വൈദ്യുതിയും നിലച്ചു. കടകൾ തുറന്നപ്പോൾ ഭാരിച്ച വൈദ്യുതി ബിൽ താങ്ങാനാവില്ലെന്ന് കച്ചവടക്കാർ അറിയിച്ചതോടെയാണ് വൈദ്യുതി നൽകാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. എന്നാൽ ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽ പെടാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.