സുൽത്താൻ ബത്തേരി: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നെന്മേനി ഗ്രാമ പഞ്ചായത്ത് ഒരു ദിവസം ഫയൽ തീർപ്പാക്കൽ പരിപാടി നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയാണ് കുരുക്കഴിക്കൽ. ഫയലുകൾ ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും പരിശോധിച്ച് സാധ്യമെങ്കിൽ അന്ന് തന്നെ തീർപ്പാക്കും. അനുബന്ധ രേഖകളോ പരിശോധനകളോ അവശ്യമായവരോട് അക്കാര്യം അറിയിക്കും. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഫയൽ തീരുമാനമാവുന്ന തീയ്യതിയും നൽകും. ജനസൗഹൃദ ഗ്രാമ പഞ്ചായത്തായി നേന്മേനിയെ മാറ്റുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച കാലത്ത് 10 മണിക്ക് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും. ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജയമുരളി, കെ.വി.ശശി, സുജാത ഹരിദാസ്, വി.ടി,ബേബി, കെ.വി.കൃഷ്ണൻകുട്ടി, ഷാജി കോട്ടയിൽ, സെക്രട്ടറി എം.വിനോദ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സി.പ്രമോദ് എന്നിവർ സംസാരിച്ചു.