കോഴിക്കോട്: നഗരത്തിലെ മാളുകളിലും ആശുപത്രികളിലും തുടരുന്ന അനധികൃത പാർക്കിംഗ് ഫീസിനെതിരെ നടപടി കടുപ്പിച്ചതായി മേയർ ഡോ. ബീന ഫിലിപ്പ് .
കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കെ.പി.രാജേഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. നടപടി സ്വീകരിക്കുമെന്ന് മേയർ മുന്നറിയിപ്പ് നൽകിയിട്ടും സെക്രട്ടറി നോട്ടീസ് നൽകിയിട്ടും ഫീസ് ഈടാക്കുന്നത് തുടരുന്നുണ്ടെന്ന് രാജേഷ് കുമാർ ആരോപിച്ചു.
നാല് മാളുകൾക്ക് നോട്ടീസ് നൽകി. കെ.എസ്.ആർ.ടിസി ടെർമിനലിലെ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെയും നോട്ടീസ് നൽകിയതായി മേയർ അറിയിച്ചു. എൻജിനിയറിംഗ് വിഭാഗവും റവന്യു വിഭാഗവും ചേർന്ന് സംയുക്തമായി നടപടി സ്വീകരിക്കും. മാളുകൾ പാർക്കിംഗ് ഫീസ് ഈടാക്കാൻ പാടില്ല. റീഫണ്ട് നൽകുന്നെന്ന ന്യായമാണ് മാളുകളുടേത്. ഇക്കാര്യം പരിശോധിക്കും. മൂന്ന് വണ്ടിത്താവളങ്ങൾക്കും നോട്ടീസ് നൽകി.
പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ടെർമിനൽ അധികൃതർക്കും നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ വണ്ടിത്താവളങ്ങൾ നടത്തുന്നതിനെതിരെ കോർപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ വിശദീകരിച്ചു. കോർപ്പറേഷൻ ഓഫീസിൽ പോലും ആവശ്യമായ പാർക്കിംഗ് സൗകര്യമില്ലെന്ന് എൻ.സി. മോയിൻകുട്ടിയും കെ.സി. ശോഭിതയും ആരോപിച്ചു.
കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രേഖകൾ ലഭ്യമാക്കുന്നതുമായി നടപടികൾ സ്വീകരിക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ആശുപത്രി രേഖകൾ ലഭിക്കുന്നില്ലെന്ന് വി.പി. മനോജാണ് ശ്രദ്ധക്ഷണിച്ചത്. മാനാഞ്ചിറയ്ക്ക് സമീപം സ്വകാര്യ വ്യക്തി നികത്തിയ ഓട പുനസ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. സ്റ്റോപ്പ് മെമ്മോ നൽകുകയും റോഡ് പഴയ രീതിയിൽ പുനസ്ഥാപിക്കാനും നിർദേശം നൽകി. എസ്.കെ അബൂബക്കറാണ് ശ്രദ്ധ ക്ഷണിച്ചത്. .
മുഹമ്മദ് റഫി റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് കെ. റംലത്ത് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്ന് മേയർ അറിയിച്ചു. വിവിധ വിഷയങ്ങളിൽ നിഖിൽ, കെ. മോഹനൻ, വി.കെ. മോഹൻദാസ് എസ്.എം. തുഷാര, സഫീന എന്നിവർ ശ്രദ്ധക്ഷണിച്ചു.
# ബഷീർ സ്മാരകം: ഡി.പി.ആറിന് അംഗീകാരം
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമാണത്തിനുള്ള ഡി.പി.ആറിന് കൗൺസിൽ യോഗം അംഗീകാരം നൽകി. പുതുക്കിയ നിരക്ക് പ്രകാരം16,12,37,450 രൂപ പ്രതീക്ഷിക്കുന്ന ഡി.പിആറാണ് അംഗീകരിച്ചത്. ബേപ്പൂർ ബി.സി.റോഡിലെ ബേപ്പൂർ കമ്മ്യൂണിറ്റി ഹാൾ പൊളിച്ച് മാറ്റി ബഷീർ സ്മാരകം നിർമ്മിക്കാനാണ് തീരുമാനം. 13.43 കോടിയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.
കുടുംബശ്രീയ്ക്ക് ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കും
കോഴിക്കോട്: കുടുംബശ്രീയ്ക്ക് വേണ്ടി വിലയേക്കാൾ പത്ത് ലക്ഷത്തോളം രൂപ അധികം നൽകി ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കുന്ന പദ്ധതിയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം ഭേദഗതിയിലൂടെ അംഗീകാരം നൽകി. എട്ട് വർഷത്തേക്ക് വാടകയ്ക്കെടുക്കുന്ന നടപടി ഒരു വർഷത്തേയ്ക്ക് ചുരുക്കിയാണ് തീരുമാനം. അനർട്ട് വഴി 'ടാറ്റ നെക്‌സോൺ' ഇലക്ട്രിക് കാർ മാസം 27,540 രൂപ വാടകയ്ക്ക് എട്ട് വർഷത്തേക്ക് മൊത്തം 27.76 ലക്ഷം രൂപ നൽകി എടുക്കാനുള്ള നടപടിയാണ് ഒരുവർഷത്തേക്ക് ചുരുക്കിയത്. വാടകയ്ക്ക് എടുക്കേണ്ടെന്നും വാങ്ങിച്ചു കൂടെയെന്നും ചോദിച്ച് യു.ഡി.എഫും ബി.ജെ.പിയും എതിർത്ത അജണ്ട വോട്ടിനിട്ടാണ് പാസാക്കിയത്. കാർ വാങ്ങുന്നതല്ലേ നല്ലതെന്ന ഭരണകക്ഷി അംഗം എൻ.സി. മോയിൻ കുട്ടിയുടെ ചോദ്യത്തിന് വാടകയ്ക്ക് തന്നെ എടുക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നയം നടപ്പാക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് അറിയിച്ചു.
വിലക്കയറ്റം തടയാൻ
കേന്ദ്രം ഇടപെടണം
കോഴിക്കോട്: രാജ്യത്തെ വൻ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ. പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ അവതരിപ്പിച്ച അടിയന്തരപ്രമേയം ഭരണപക്ഷ അംഗത്തിന്റെ ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ മേയർക്ക് വിയോജനക്കുറിപ്പ് നൽകി.
വിലക്കയറ്രം തടയാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന ഭേദഗതിയാണ് സി.പി.എം അംഗമായ ഒ. സദാശിവൻ കൊണ്ടുവന്നത്. ഭേദഗതിയ്ക്ക് വഴങ്ങിയ കെ. മൊയ്തീൻകോയ കേന്ദ്ര സർക്കാരിനെയെന്ന പോലെ സംസ്ഥാന സർക്കാരിനെയും കുറ്രപ്പെടുത്തി. ഇന്ധനനിരക്ക് നിരന്തരം കൂടുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും നിത്യോപയോഗസാധനങ്ങൾക്കും കെട്ടിട നിർമ്മാണ സാമഗ്രികൾക്കുമെല്ലാം വില കുതിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിപണിയിൽ മികച്ച ഇടപടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഒ. സദാശിവൻ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി യിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തവരാണ് കേന്ദ്ര സർക്കാരിനെ പഴിക്കുന്നതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ ടി. റനീഷ് ആരോപിച്ചു. സംസ്ഥാന സർക്കാർ നികുതി കുറച്ച് മാതൃകകാട്ടട്ടെയെന്നും റനീഷ് പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, എൻ.സി മോയൻകുട്ടി, എസ്.കെ. അബൂബക്കർ, എസ്.ജയശ്രീ, എം.എൻ. പ്രവീൺ എന്നിവരും സംസാരിച്ചു.
പ്രമേയത്തിന് അനുമതി നിഷേധിച്ചു;
ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി
കെ.എസ്.ആർ.ടി.സി ടെർമിനലുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം കോർപ്പറേഷനുമായി ബന്ധപ്പെട്ടതല്ലെന്നും കൂടുതൽ അജണ്ടകൾ ചർച്ച ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ് മേയർ അനുമതി നിഷേധിച്ചത്. പ്ലക്കാർഡുയർത്തി ടി. റനീഷിന്റെ നേതൃത്വത്തിൽ നടത്തുളത്തിലിറങ്ങിയ ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.