കോഴിക്കോട്: പ്രഥമ കൊഴക്കോടൻ പുരസ്‌കാരം വി.ടി മുരളിക്ക് സമർപ്പിച്ചു. കലാ സാംസ്‌കാരിക രംഗത്തെ സവിശേഷ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി കൊഴക്കോടൻ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം പിന്നണി ഗായകൻ വി ടി മുരളിക്ക് സമർപ്പിച്ചു. 5001 രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാർ ദിനത്തിൽ ചക്കിട്ടപാറ സന്തോഷ് ലൈബ്രറിയും, കൊഴക്കോടൻ സാംസ്‌കാരികവേദിയും സംയുക്തമായി ചക്കിട്ടപാറയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് എഴുത്തുകാരൻ വി.ആർ. സുധീഷാണ് പുരസ്‌കാരം സമർപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ എ.ജി രാജൻ, നടൻ കനവ് സുരേഷ്, ബിനു കളേഴ്സ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, കെ.എം. അജീഷ്, ശിവദാസൻ ചെമ്പ്ര, വിനോദ് കൊഴക്കോടൻ എന്നിവർ സംസാരിച്ചു. തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.