പുൽപ്പള്ളി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുറുവ ദ്വീപിൽ യാത്ര ചെയ്യാൻ പുതിയ ചങ്ങാടമൊരുങ്ങി. കുറുവയിലെത്തുന്ന സഞ്ചാരികൾക്കായി 50 പേർക്ക് ഇരിക്കാവുന്ന പുതിയ ചങ്ങാടമാണ് കുറുവ വനവികസന സമിതി നിർമ്മിച്ചത്. പൂർണ്ണമായും ആനമുളയിൽ തീർത്ത ചങ്ങാടം നിർമ്മിച്ചത് പ്രദേശത്തെ ഗോത്ര വിഭാഗത്തിൽപ്പെട്ട വനവികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ്.
പരമ്പരാഗത ഗോത്ര പൂജകൾക്ക് ശേഷമായിരുന്നു കൂറ്റൻ ചങ്ങാടം നീറ്റിലിറക്കിയത്. ചങ്ങാടം നീറ്റിലിറക്കുന്ന ചടങ്ങ് സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന ഉദ്ഘാടനം ചെയ്തു. കുറുവാ ദ്വീപിൽ സദർശകരെ ആകർഷിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് അവർ പറഞ്ഞു. സാഹസിക വിനോദ സഞ്ചാരികൾക്കായി റാഫ്റ്റിങ്ങ്, സ്‌ക്കിപ്പ് ലൈൻ, കുട്ടികൾക്കുള്ള വിനോദ സംവിധാനങ്ങൾ, ഇക്കോ ഷോപ്പ്, തുടങ്ങിയവയും കുറുവയിലേക്കുള്ള റോഡ് സൗന്ദര്യവത്ക്കരണവും നടപ്പാക്കുമെന്ന് അവർ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കുറുവയിലെ സ്വഭാവിക ചെറുദ്വീപുകളും ജൈവ വൈവിധ്യങ്ങളും കാണാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
കുറുവ ദ്വീപ് വനവികസന സമിതി തയ്യാറാക്കിയ ചങ്ങാടം നീറ്റിലിറക്കുന്നു