കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലയിലെ 41 പ്രൈമറി സ്ക്കൂളുകളിലും 7 ഹയർസെക്കൻഡറി സ്കൂളുകളിലും പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാകാറായി. ആഴ്ചകളായി അദ്ധ്യാപകരും പ്രവർത്തകരും സ്കൂൾ ശുചീകരണത്തിന്റെ തിരക്കിലാണ്. കുട്ടികളെ വരവേൽക്കാൻ ചുമർ ചിത്രങ്ങൾ വരച്ചും കളർ ബലൂണുകൾ തൂക്കിയും ഒരുക്കങ്ങൾ അവസാന മിനുക്ക് പണിയിലാണ്. കുന്ദമംഗലം എ.യു.പി സ്കൂൾ, മാക്കൂട്ടം എ.എം.യു.പി സ്കൂൾ, കളരിക്കണ്ടി എൽ.പി സ്കൂൾ, കാരന്തൂർ എ.എം.എൽ.പി സ്കൂൾ, ചൂലൂർ എൽ.പി സ്കൂൾ, എ.എം.എൽ.പി.എസ് പറമ്പിൽ തുടങ്ങി മിക്ക സ്കൂളുകളിലും വെള്ളിയാഴ്ച വൈകീട്ടും അദ്ധ്യാപകർ സ്കൂളുകളിൽ തിരക്കിട്ട ക്ലാസ്റൂം അലങ്കാര പ്രവൃത്തിയിൽ മുഴുകിയിരിക്കുകയാണ്. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ, കുന്ദമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എന്നിവർ ആഴ്ചകളായി സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി വരികയാണ്.