സുൽത്താൻ ബത്തേരി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാൾ കൂടി പിടിയിലായി. കോഴിക്കോട് വാവാട് സ്വദേശി ആലപ്പുറയിൽ പൊയിലിൽ മുഹമ്മദ് അലവി (30)യെയാണ് ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എക്‌സൈസ് അറസ്റ്റുചെയ്തത്.
ഇയാളുടെ പക്കൽ നിന്ന് 2.95 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴിഞ്ഞദിവസം ഏറനാട് സ്വദേശിയായ യുവാവിൽ നിന്ന് 10.600 ഗ്രാം ഇതേ ലഹരി മരുന്ന് പിടികൂടിയിരുന്നു.
എൻഡിപിഎസ് നിയമം 22 ബി പ്രകാരമാണ് മാരക മടക്കുമരുന്നായ എംഡിഎംഎ കടത്തുന്നവർക്കെതിരെ കേസ് ചാർജ് ചെയ്യുന്നത്. പ്രതിയേയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിൽ തുടർ നടപടികൾക്കായി ഹാജരാക്കി.
കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിമരുന്ന് കടത്ത് വർദ്ധിക്കുകയാണ്. മാരക ലഹരിമരുന്നായ എംഡിഎംഎയാണ് ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി കടത്തികൊണ്ടുവരുന്നത്.
കർണാടകയിൽ നിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്നതിന് യുവാക്കളുടെ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സൂചന. ടൂറിസ്റ്റുകൾ എന്ന വ്യാജേനയാണ് യുവാക്കൾ വാഹനങ്ങളിൽ അതിർത്തികടന്ന് പോകുന്നത്.ആന്റി നർക്കോട്ടിക്ക് വിംഗും എക്‌സൈസും അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ.നിഗീഷ്, ചെക്ക് പോസ്റ്റ് പ്രിവന്റീവ് ഓഫീസർമാരായ ജി.അനിൽകുമാർ, പി.എ.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മൻസൂർ അലി, സനൂപ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.