കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടരുടെ വേണ്ടാത്ത കടുംപിടിത്തത്തിൽ അന്യഅസംസ്ഥാനക്കാരായ ഭിന്നശേഷി കായിക താരങ്ങൾക്ക് റോഡിൽ കഴിയേണ്ടി വന്നതായി ആരോപണം.

വ്യാഴാഴ്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സമാപിച്ച പാരാ മാസ്റ്റേഴ്‌സ് നാഷണൽ ഔട്ട്‌ഡോർ ഗെയിംസിന് നേരത്തെ ഗ്രൗണ്ടിനായി വൈസ് ചാൻസലർക്ക് നൽകിയ അപേക്ഷയിൽ 5000 രൂപയും 18 ശതമാനവും ജി എസ് ടി യും ഈടാക്കി മൂന്ന് ദിവസത്തേക്ക് സിന്തറ്റിക് ട്രാക്ക്,സിമ്മിംഗ് പൂൾ, ഫുട്‌ബാൾ ഗ്രൗണ്ട് എന്നിവ അനുവദിച്ചതായിരുന്നു. എന്നാൽ, സമാപനദിവസം ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ സിന്തറ്റിക് ട്രാക്കിന് അനുമതി നിഷേധിക്കുകയായിരുന്നു. സിന്തറ്റിക് ട്രാക്ക് ഒരു ദിവസം മാത്രമേ തരാനാവൂ എന്ന് പറഞ്ഞായിരുന്നു ഇത്. ഭാരവാഹികൾ പരാതിപ്പെട്ടതോടെ വൈസ് ചാൻസലർ ഓഫീസ് ഇടപെട്ട് പതിനൊന്നരയ്ക്കാണ് പിന്നീട് ട്രാക്ക് തുറന്നു നൽകിയത്. ഇതുമൂലം രാവിലെ 8 മണിക്ക് തുടങ്ങാൻ നിശ്ചയിച്ച ഈവന്റ് വൈകി. സമ്മാനദാനച്ചടങ്ങ് രാത്രി ഏഴരയോടെയാണ് സമാപിച്ചത്. ഹരിയാന, യുപി, തമിഴ്‌നാട് തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി കായികതാരങ്ങളുടെ ട്രെയിൻ യാത്ര മുടങ്ങി. അവർക്ക് നടുറോഡിൽ കഴിച്ചുകൂട്ടേണ്ടി വന്നു.

ഭിന്നശേഷി കായിക താരങ്ങളെ അവഗണിച്ചതിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കെതിരെ സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിനുൾപ്പെടെ പാരാ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷൻ പരാതി നൽകി.