1

കുറ്റ്യാടി: പൊതുമരാമത്ത് ഏറ്റെടുത്ത കാക്കുനി - നമ്പാംവയൽ റോഡിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് ജനങ്ങൾക്ക് ദിനംപ്രതി ദുരിതമാവുകയാണ്. കാൽനട യാത്രയ്ക്ക് പോലും വളരെ ബുദ്ധിമുട്ടാണ്. ചേരാപുരം മേഖലയിലെ പ്രധാന ഗതാഗത മാർഗമായ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി തടസപ്പെട്ടിട്ട് രണ്ട് വർഷത്തിലധികമായി. വാഹന ഗതാഗതം തടസപ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്. സ്കൂളുകൾ തുറന്നാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാക്ലേശവും വർദ്ധിക്കും.

രണ്ടായിരത്തി പന്ത്രണ്ടിലാണ് 2.160 കിലോമീറ്റർ ദൈർഘൃമുള്ള റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തത്. ബി.എം ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിന് ആദ്യഘട്ടം ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചു. പിന്നീട് റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ അനുമതിക്കായി സമർപ്പിച്ചു. വീതി കൂട്ടുന്ന പ്രവൃത്തി തൊണ്ണൂറ് ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ ചുരുക്കം ചിലർ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാവാത്തതും റോഡ് പ്രവൃത്തി മുന്നോട്ടു പോകുന്നതിന് തടസമാവുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ജനങ്ങളുടെ യാത്രാപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സമരമുഖത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.