1പേരാമ്പ്ര: വർഷങ്ങളായി പന്തിരിക്കരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് ഒടുവിൽ ശാപമോക്ഷം. പൊലീസ് സ്റ്റേഷൻ പണിയുന്നതിന് അനുമതിയായി. കെട്ടിടം പണിയാൻ സ്ഥലം വിട്ടുകിട്ടുന്നതിന് ഉത്തരവായി. ജില്ലയിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുവണ്ണാമൂഴി ഡാം സൈറ്റിന് സമീപം ജലവിഭവ വകുപ്പിന്റെ കീഴിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 50 സെന്റ് ഭൂമിയാണ് ആഭ്യന്തര വകുപ്പിന് കൈമാറുന്നത്. ടി.പി രാമകൃഷണൻ എം.എൽ.എ കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ഐ.ബിയിൽ റവന്യൂ വകുപ്പിലേയും ജലവിഭവ വകുപ്പിലേയും അധികൃതരുടെ യോഗത്തിൽ നടപടി ത്വരിതപ്പെടുത്തണമെന്ന് കളക്ടർ തേജ് ലോഹിത് റെഡിയോട് ആവശ്യപ്പെട്ടു. തുടർന്ന് കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് കളക്ടർ ഉത്തരവിറക്കുകയായിരുന്നു.

2018 മുതൽ ഇതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഔദ്യോഗിക നടപടികൾ പൂർത്തിയാകാൻ കാലതാമസം നേരിട്ടു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഫയൽ റവന്യു വിഭാഗത്തിന് കൈമാറി. സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കുന്നതിന് വനം വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടും കഴിഞ്ഞവർഷം ആദ്യം നൽകിയതാണ്. തുടർനടപടികൾ താമസിക്കുകയായിരുന്നു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമാണ് ഉത്തരവ്.

സ്റ്റേഷൻ പന്തിരിക്കരയിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ. ഇവിടെ ഫയലുകൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ല. ഭൗതിക സൗകര്യവും പരിമിതമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. മണ്ഡലത്തിൽ വാടക കെട്ടടത്തിൽ പ്രവർത്തിക്കുന്ന മേപ്പയ്യൂർ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ റവന്യു വകുപ്പിന്റെ കൈവശമുള്ള മഞ്ഞക്കുളത്തെ സ്ഥലം വിട്ടുകിട്ടാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.