സ്‌കൂളുകളിൽ പ്രത്യേകം സഹായ കേന്ദ്രങ്ങൾ

കൽപ്പറ്റ: കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുന്ന ജില്ലയിലെ വിദ്യാലയങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. സ്‌കൂളുകളിൽ എല്ലാ ശുചിത്വസുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിിരിക്കും അദ്ധ്യയനം. ജില്ലാഭരണകൂടം, ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് മേധാവികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളും സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കുളള ലാപ്‌ടോപ്, മുഴുവൻ വിദ്യാലയങ്ങൾക്കും ആവശ്യമായ തെർമൽ സ്‌കാനർ എന്നിവയുടെ വിതരണവും പൂർത്തിയായി. ആരോഗ്യപ്രവർത്തകരെ ഉൾക്കൊളളിച്ചുകൊണ്ടുളള ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുന്നതിനായി പ്രത്യേകം ഹെൽപ്പ്‌ഡെസ്‌ക്കും വിദ്യാലയതലത്തിൽ പ്രവർത്തിക്കുമെന്ന് ജില്ലാകളക്ടർ പറഞ്ഞു.
.
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കൈ കഴുകാനുളള സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാനുളള ഫണ്ട് സ്‌ക്കൂളുകൾക്ക് ലഭ്യമാക്കി. ഗോത്രബന്ധു അദ്ധ്യാപകർ മുൻവർഷം ജോലിചെയ്ത വിദ്യാലയത്തിൽ തന്നെ ഈ വർഷവും തുടരും. രക്ഷാകർത്തൃയോഗങ്ങൾ ചേർന്ന് സ്‌കൂളിലെ ക്രമീകരണങ്ങൾ വിലയിരുത്തും. മുഴുവൻ കുട്ടികളെയും അദ്ധ്യാപകർ ബന്ധപ്പെട്ട് സ്‌ക്കൂൾ തുറക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്.

.
കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക വ്യക്തമാക്കി. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അദ്ധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം.

മറക്കരുത് ഇക്കാര്യങ്ങൾ

ക്ലാസുകൾ ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം.
പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവരും സ്‌കൂളിൽ പോകരുത്.
ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ഉപയോഗിക്കുക.
യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം.
ഇടവേളകൾ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകൾ ഒഴിവാക്കണം.
പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവയ്ക്കരുത്.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാതെ 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം

കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല.
ടോയ്ലറ്റിൽ പോയ ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തണം.
ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.
രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം.
അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കണം.
കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
വീട്ടിലെത്തിയ ഉടൻ കുളിച്ച് വൃത്തിയാവണം.
മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.