പുൽപ്പള്ളി: ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം ഏകാദ്ധ്യാപക വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കും. അടഞ്ഞുകിടന്ന വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയിലാണ്. സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും സർക്കാർ സർവ്വീസിൽ ഇവർ നിയമിതരായിട്ടില്ല. ഏകാദ്ധ്യാപക വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന് മുന്നോടിയായി വിദ്യാലയങ്ങൾ പുതുമോടിയിലാക്കുകയാണ്. ഇതിനായി ഫണ്ടും മറ്റും അനുവദിച്ചിട്ടില്ലെങ്കിലും കോളനിവാസികളടക്കം മുൻ കൈയ്യെടുത്താണ് ഇവ ശുചീകരിക്കുന്നത്.
ജില്ലയിൽ 35 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് ഉള്ളത്. മിക്കതും വനഗ്രാമങ്ങളിലാണ്. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് 270 സ്‌കൂളുകളിലായി 344 അദ്ധ്യാപകരാണുള്ളത്.
1996 ലാണ് ഈ വിദ്യാലയങ്ങൾ ആരംഭിച്ചത്. ഗോത്ര - തീരദേശ മേഖലയിൽ കഴിയുന്ന വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കുന്നതിനായാണ് ഇത്തരം ഒരു സ്‌കീം അനുവദിച്ചത്. മുമ്പ് എസ് എസ് ഏയുടെ കീഴിൽ കേന്ദ്ര സഹായത്തോടെയുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തിയായിരുന്നു ഈ വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നത്. കേന്ദ്ര ഫണ്ട് നിന്നതോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് ഇത്തരം സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.