പുൽപ്പള്ളി: കർണാടക അതിർത്തിഗ്രാമങ്ങളിൽ നിന്ന് വയനാട്ടിലെ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കണമെന്ന് വയനാട് ജില്ല കലക്ടർ എ.ഗീത മൈസൂർ ജില്ലാ ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.

കൊവിഡിനെ തുടർന്ന് കർണാടകയിൽ പ്രവേശിക്കാൻ സംസ്ഥാന പാതകൾ വഴി മാത്രമേ അനുവാദമുള്ളു. ആർ.ടി.പി.സി.ആർ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ കബനിക്ക് കുറുകെ കടക്കാൻ നിർവാഹമില്ല. തോണി സർവീസ് മുടങ്ങിയിരിക്കുകയാണ്. തോണി കയറി വന്നാൽ മാത്രമേ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലെത്താൻ സാധിക്കൂ.

150 ഓളം വിദ്യാർത്ഥികൾ വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി പഠിക്കുന്നുണ്ട്. നാളെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ കർണാടക നിലപാട് മാറ്റിയില്ലെങ്കിൽ നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങും.