സുൽത്താൻ ബത്തേരി: പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഗോത്ര യുവാവിന്റെ മരണകാരണം സ്ഥിരീകരിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തും. മൃതദേഹത്തിൽ കണ്ട പരിക്കുകൾ ഏത് രീതിയിലുണ്ടായതാണെന്ന് സ്ഥലപരിശോധന നടത്തിയാൽ മാത്രമെ വ്യക്തമാകു എന്നതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണം നടത്തിയിട്ടില്ല.
നൂൽപ്പുഴ കല്ലൂർ കാളിച്ചിറ കോളനിയിലെ വിജയന്റെ (48) മൃതദേഹമാണ് വെള്ളിയാഴ്ച പുഴയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. ബന്ധുവീട്ടിൽ പോയതായിരിക്കുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. അവിടെയില്ലെന്ന് അറിഞ്ഞതോടെ ബുധനാഴ്ച സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാഴ്ച ഉച്ചയോടെ തെരച്ചിൽ നടത്തിയ ഭാഗത്ത് നിന്ന് മാറി പുഴയുടെ മുകൾഭാഗത്തായാണ് മൃതദേഹം കണ്ടത്. മൃതശരീരത്തിൽ കണ്ട മുറിവുകൾ പുഴയിൽ വീണപ്പോൾ സംഭവിച്ചതാണോ എന്നറിയുന്നതിനാണ് ഡോക്ടർമാർ സ്ഥലം സന്ദർശിക്കുന്നത്.