schoolopen

കോഴിക്കോട്: സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വളയം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. ഡി.ഡി.ഇ വി.പി മിനി അദ്ധ്യക്ഷത വഹിക്കും. വടകര ഡി.ഇ.ഒ. സി.കെ.വാസു സ്വാഗതം പറയും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പി.ടി

.എ പ്രതിനിധികൾ എന്നിവർ ചേർന്ന് കുട്ടികളെ വരവേൽക്കും.

1270 സ്‌കൂളുകളാണ് ജില്ലയിൽ തുറക്കുന്നത്. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായുളള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെയായിരിക്കും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളിൽ വരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്‌കൂളിൽ വരാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ലെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾക്ക് സ്‌കൂളിലേക്ക് പ്രവേശനമില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ലെന്നാണ് നിർദ്ദേശം. രോഗലക്ഷണം, പ്രാഥമിക സമ്പർക്കം, പ്രാദേശിക നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിന്നുളള കുട്ടികൾ, ജീവനക്കാർ എന്നിവർ സ്‌കൂളിൽ ഹാജരാകേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്.