കോഴിക്കോട്: ചെറിയൊരു മഴ പെയ്താൽ മലാപ്പറമ്പ് പാറമ്മൽ റോഡിൽ നിന്നും വേദവൃാസ സ്കൂളിലേക്കുള്ള വഴി നിറയെ വെള്ളക്കെട്ട് പതിവാണ്. ഇതിനെതിരെ പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് പ്രദേശവാസികൾ.സമീപത്തെ ഓവു ചാൽ സ്ളാബിട്ട് മൂടാത്തതാണ് വെള്ളക്കെട്ടിന് കാരണം.ചെറിയ മഴയിൽ പോലും നടപ്പാതയും ഓവുചാലും ഒന്നാകുന്ന അവസ്ഥയാണ്. ഇതു മൂലം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിയാണ് ഈ വഴിയിലൂടെ വേദവൃാസ സ്കൂളിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് വലിയ ഭീഷണിയാണ്.നൂറുകണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആശ്രയമാണ് ഈ റോഡ്.മഴമൂലം വെള്ളക്കെട്ടുണ്ടാകുമ്പോൾ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും വൃദ്ധന്മാരും അപകടത്തിൽപ്പെടുന്നതും നിതൃകാഴ്ചയാണ്. ഒഴുക്കിൽപ്പെട്ട് പോകുന്നവരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തുകയാണ്.
ഒന്നര മീറ്റർ വീതിയും ഒരു മീറ്ററിലധികം ആഴവും 200 മീറ്റർ അധികം നീളമുള്ള ഓവു ചാൽ ഇതുവരെ സ്ളാബ് ഇട്ട് മൂടിയിട്ടില്ല. വേങ്ങേരി പ്രൊവിഡൻസ് കോളേജ് ഭാഗം, കണ്ണാടിക്കൽ എന്നീ ഭാഗത്തുനിന്നും ഇഖ്റ ഹോസ്പിറ്റൽ സിവിൽസ്റ്റേഷൻ എന്നീ ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയായതു കൊണ്ടും ഇതിലൂടെ ധാരാളം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകുന്നുണ്ട്. പ്രശ്നം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതു വരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മഴയും സ്കൂൾ തുറക്കുന്ന സാഹചര്യവും കണക്കിലെടുത്ത് ഓവുചാൽ സ്ളാബിട്ട് മൂടണമെന്ന് ആവശ്യപെട്ട് കേരളകോൺഗ്രസ് എം മലാപറമ്പ് മണ്ഡലം കമ്മറ്റി കളക്ടർക്കും മേയർക്കും പരാതി നൽകി.
'' പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഒപ്പുകൾ ശേഖരിച്ച് മേയർക്കും കളക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം''-ഷിനോജ് പുളിയോളി, ജനറൽ സെക്രട്ടറി. കേരളാകോൺഗ്രസ് എം -നോർത്ത് നിയോജ മണ്ഡലം