കോഴിക്കോട്: ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് കോൺഗ്രസ് വിടാൻ നിൽക്കുന്നവർക്ക് പാഠമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തിൽ ഇന്ദിരാജി അനുസ്മരണ ചടങ്ങിൽ സി.പി.എം വിട്ട് കോൺഗ്രസിലേക്ക് വന്നവരെ സ്വീകരിക്കുകയാരുന്നു അദ്ദേഹം.സി.പി.എമ്മിൽ നിന്ന് മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ഹരിദാസ്, പത്മകുമാർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ഇവിടെയാണ്. അതുകൊണ്ടാണ് കൂടുതൽ പേർ വരുന്നത്. വന്നത് രണ്ടാണെങ്കിലും ഇരുനൂറിന്റെ മതിപ്പുള്ളവരാണ്. നാല് പോയപ്പോൾ നാലായിരം വരുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പലരും സി.പി.എമ്മിലേക്ക് പോകുമ്പോൾ ചുമലിൽ കൈവെക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. 42 വർഷക്കാലം കോൺഗ്രസിൽ പടർന്നു പന്തലിച്ചവർ പോയപ്പോൾ തെരുവ് കച്ചവടക്കാരുടെ യൂണിയന്റെ ഒരു യൂണിറ്റിന്റെ മേൽനോട്ടമാണ് ലഭിച്ചത്. ഒരു പാർട്ടിയുടെ സംഘടന ചുമതല വഹിച്ച നേതാവിന് നൽകിയ പദവിയാണിത്. മറ്റ് പല ജില്ലകളിൽ നിന്നും കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് ആളുകൾ വന്നു. തൃശ്ശൂരിൽ ആയിരത്തോളം പേർ ഉടൻ ചേരും. കണ്ണൂരിൽ നിന്നും കുറച്ച് സഖാക്കന്മാർ കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലം ഇന്ത്യയുടെ സുവർണകാലമായിരുന്നെന്ന് കെ. സുധാകരൻ അനുസ്മരിച്ചു. ഇന്ത്യയെ ചിതറിപ്പോകാതെ ഏകീകരിച്ച് നിറുത്തിയതിന്റെ ഫലമായാണ് ഇന്ദിരാഗാന്ധിയ്ക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി,എൻ.സുബ്രഹ്മണ്യൻ, കെ. ജയന്ത്, ഉഷദേവി, വിദ്യബാലകൃഷ്ണൻ, മില്ലി മോഹൻ, കെ.സി ശോഭിത, ഷീബ, ഉഷ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.